പ്രേമം; താല്‍ക്കാലിക സെന്‍സര്‍ ബോര്‍ഡ് ജീവനക്കാര്‍ അറസ്റ്റില്‍

premam-poster.jpg.image.784.410പ്രേമം സിനിമ ചോർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. സെൻസർ ബോർഡിലെ താൽക്കാലിക ജീവനക്കാരാണ് അറസ്റ്റിലായത്. നെടുമങ്ങാട് സ്വദേശികളായ അരുൺ കുമാർ, നിധിൻ, കോവളം സ്വദേശിയായ കുമാരൻ എന്നിവരെ ഇന്ന് പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍, സിനിമയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതിന്റെ ഉറവിടം ആരാണെന്ന് ആന്റി പൈറസി സെല്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം എന്തെങ്കിലും പറയാന്‍ ഒക്കൂ എന്നാണ് ആന്റി പൈറസി സെല്‍ പറയുന്നത്.സിനിമകളുടെ വ്യാജസിഡിയും തിയ്യേറ്റര്‍ പ്രിന്റും പുറത്തു വരാറുണ്ടെങ്കിലും സെന്‍സര്‍ കോപ്പി തന്നെ ചോരുന്നത് ആദ്യമായിരുന്നു. ഇക്കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡില്‍ തന്നെ ഉള്ളവരെ വിശദമായി ആന്റി പൈറസി സെല്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. സിനിമയുടെ സെന്‍സര്‍ പകര്‍പ്പ് പെന്‍ഡ്രൈവില്‍ കോപ്പി ചെയ്ത് പുറത്തെത്തിക്കുകയായിരുന്നെന്ന് ആന്റി പൈറസി സെല്‍ കണ്ടെത്തി. എന്നാല്‍, കോപ്പി പുറത്തുവിട്ടതിന്റെ ഉറവിടം അറിയണമെങ്കില്‍ കൂടുതല്‍ ശാസ്ത്രീയമായ പരിശോധന ആവശ്യമാണെന്ന് ആന്റി പൈറസി സെല്‍ പറയുന്നു. സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തുള്ളവര്‍ അറിയാതെ കോപ്പി പുറത്തു പോവില്ലെന്ന നിലപാടിലാണ് ആന്റി പൈറസി സെല്‍.