നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ദേശീയപാതയിലെ നിരീക്ഷണ ക്യാമറകളില്‍ നിന്നുളള ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് തെളിവുകള്‍ കണ്ടെത്തിയത്. പള്‍സര്‍ സുനിയും സംഘവും നടിയെ വാഹനത്തില്‍ പിന്തുടരുന്ന ദൃശ്യങ്ങള്‍ ഇതില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പ്രതികള്‍ വെണ്ണലയില്‍ വാഹനം നിര്‍ത്തിയതായും ദൃശ്യങ്ങളില്‍ വ്യക്തമാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

കൊച്ചി നഗരത്തില്‍ നിന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. ഹൈവേയിലെ മുഴുവന്‍ സിസിടിവി ക്യാമറകളില്‍ നിന്നുളള ദൃശ്യങ്ങളും പൊലീസ് അന്വേഷണത്തിനായി ശേഖരിച്ചിട്ടുണ്ട്. ഇന്നലെ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലിനായി കായലില്‍ അന്വേഷണ സംഘം തെരച്ചില്‍ നടത്തിയിരുന്നു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത് ഏഴുദിവസം പിന്നിട്ടും കേസിലെ നിര്‍ണായകമായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശനം ഉയരവെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത് പോലീസിന് ആശ്വാസമായിട്ടുണ്ട്.

സുനിയുടെ സുഹൃത്ത് മനുവിന്റെ കക്കാഴത്തുള്ള വീട്ടില്‍ നടത്തിയ പരിശോധനയില്‍ മെമ്മറി കാര്‍ഡും സിം കാര്‍ഡും പോലീസിന് ലഭിച്ചിരുന്നു. അതേസമയം സുനി ‘ഒഴുക്കുള്ള സ്ഥലം’ അന്വേഷിച്ചെന്ന് സാക്ഷിമൊഴിയും പുറത്തു വന്നിട്ടുണ്ട്. ഹോട്ടലിന് സമീപം ശക്തമായ ഒഴുക്കുള്ള സ്ഥലം എവിടെയാണെന്ന് പ്രതികള്‍ ചോദിച്ചതായി കൊച്ചിയിലെ ഒരു ഹോട്ടലുടമസ്ഥ മൊഴി നല്‍കി. സുനിയുടെ മൊബൈല്‍ ഫോണിനായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഹോട്ടലുടമയുടെ മൊഴി. കീഴടങ്ങുന്ന ദിവസമാണ് പ്രതികള്‍ എത്തിയതെന്നും ഇവര്‍ പറയുന്നു. ഇതേത്തുടര്‍ന്ന് പള്‍സര്‍ സുനിയെയും വിജീഷിനേയും ഹോട്ടലിലെത്തിച്ച് തെളിവെടുത്തു. മൊബൈല്‍ ഉപേക്ഷിക്കാനാണ് പ്രതികള്‍ ഒഴുക്കുള്ള സ്ഥലം അന്വേഷിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.