നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയതായി സൂചന.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയതായി സൂചന. തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അന്വേഷണസംഘം അയച്ച മെമ്മറികാര്‍ഡില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചതെന്നാണ് വിവരം.

സംഭവത്തിന് ശേഷം കോടതിയില്‍ കീഴടങ്ങാനെത്തിയ പ്രതി അഭിഭാഷകനെ ഏല്‍പിച്ച മെമ്മറി കര്‍ഡും പെന്‍ഡ്രൈവും പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. അതേസമയം, പള്‍സര്‍ സുനിയുടെയും വിജീഷിന്റെയും കസ്റ്റഡി കാലാവധി അഞ്ചുദിവസംകൂടി നീട്ടി. തെളിവുശേഖരണം പുര്‍ത്തിയായിട്ടില്ലെന്നും സുനിയെ നുണപരിശോധനയ്ക്കടക്കം വിധേയനാക്കണമെന്നും ആവശ്യപ്പെട്ടാണ് പൊലീസ് കസ്റ്റഡി നീട്ടാന്‍ അപേക്ഷ നല്‍കിയത്. ഇപ്പോള്‍ കണ്ടെടുത്ത ദൃശ്യങ്ങള്‍ കേസന്വേഷണത്തില്‍ നിര്‍ണായകമാകും.

ഐടി ആക്ട് അടക്കമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു. ഇതിന്റെ നിര്‍ണായക തെളിവായി ദൃശ്യങ്ങള്‍ മാറും. പള്‍സര്‍ സുനിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും സുനി മാനസികമായും ശാരീരികമായും സന്നദ്ധനല്ലെന്നാണ് സുനിയുടെ അഭിഭാഷകന്‍ ആലുവ മജിസ്‌ട്രേട്ട് കോടതിയില്‍ അറിയിച്ചത്.

നുണപരിശോധനയ്ക്ക് പ്രതിയുടെ അനുമതി വേണമെന്ന് സുപ്രീംകോടതി വിധിയുള്ള സാഹചര്യത്തില്‍ അതിനുള്ള സാധ്യത മങ്ങി. സുനി മൊഴി മാറ്റിപ്പറയുന്ന സാഹചര്യത്തിലാണ് പൊലീസ് നുണപരിശോധന ആവശ്യപ്പെട്ടത്. ചിത്രം പകര്‍ത്തിയ ഫോണ്‍ നഗരത്തിലെ കാനയില്‍ ഉപേക്ഷിച്ചെന്ന് ആദ്യം പറഞ്ഞ സുനി പിന്നീട് ഗോശ്രീ പാലത്തില്‍നിന്ന് കായലിലേക്ക് എറിഞ്ഞെന്ന് മാറ്റിപ്പറഞ്ഞു. ഇതേത്തുടര്‍ന്ന് നാവികസേനയുടെ സഹായത്തോടെ കായലില്‍ പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല.

ഇനിയുള്ള ആറു ദിവസം ചോദ്യംചെയ്യലിന്റെ രീതി മാറ്റി പരമാവധി വിവരങ്ങള്‍ പ്രതിയില്‍ നിന്നു ശേഖരിക്കാനാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിര്‍ദ്ദേശം.