വ്യാഴാഴ്ച ഡല്‍ഹി ശ്വസിച്ചത് മൂന്ന് വര്‍ഷത്തിലെ ഡിസംബര്‍ മാസത്തെ ‘സാധാരണ’ വായു

വായുമലിനീകരണ തോത് കുറഞ്ഞ് ഡല്‍ഹി സാധാരണ നിലയിലേക്ക് മാറുന്നതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച ഡല്‍ഹി ശ്വസിച്ചത് മൂന്ന് വര്‍ഷത്തിലെ ഡിസംബര്‍ മാസത്തെ ‘സാധാരണ’ വായുവാണെന്നാണ് റിപ്പോര്‍ട്ട്. വായുശുദ്ധിയുടെ കാര്യത്തില്‍ ‘മോഡറേറ്റ്’ എന്ന പട്ടികയിലാണ് ഡല്‍ഹിയും കേന്ദ്ര തലസ്ഥാന മേഖലയും (എന്‍സിആര്‍). ഒക്ടോബര്‍ ഏഴിനുശേഷം ഈ വര്‍ഷം ഇതാദ്യമായാണു ഡല്‍ഹി – എന്‍സിആര്‍ മേഖലയിലെ ജനങ്ങള്‍ സാധാരണ വായു ശ്വസിക്കുന്നത്. വ്യാഴാഴ്ച നാലുമണിക്ക് ഡല്‍ഹിയില്‍ വായുശുദ്ധി സൂചിക 194 എന്ന നിലയിലായിരുന്നു. രാത്രി ഒന്‍പതുമണി വരെ അതു തുടര്‍ന്നുവെന്നും അധികൃതര്‍ പറഞ്ഞു.

കാറ്റിനും നല്ല വേഗമുണ്ടായിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി മാലിന്യം കത്തിക്കുന്നതും മറ്റുമുള്ള മലിനീകരണ കാരണങ്ങള്‍ക്കു കൃത്യമായ നിയന്ത്രണം പാലിക്കാനും കഴിഞ്ഞതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെംബര്‍ സെക്രട്ടറി എ. സുധാകര്‍ പറഞ്ഞു.

ഫിറോസ്ഷാ കോട്‌ലയില്‍ നടന്ന ഇന്ത്യ – ശ്രീലങ്ക മല്‍സരത്തിനിടെ ലങ്കന്‍ താരങ്ങള്‍ കളിക്കളത്തില്‍ മാസ്‌ക് ധരിച്ച് ഇറങ്ങിയതോടെ മലിനീകരണ നിയന്ത്രണം കര്‍ശനമായി പാലിക്കാന്‍ കടുത്ത നിര്‍ദേശം നല്‍കിയിരുന്നു. മാലിന്യമിടുന്ന സ്ഥലങ്ങളില്‍ തീ ഉയരാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധിച്ചു. നേരത്തെ, അങ്ങനൊരു തീപിടിത്തം ഉണ്ടായാല്‍ പൂര്‍ണമായി അണയ്ക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് 48 മണിക്കൂര്‍ വേണമായിരുന്നുവെന്നും സുധാകര്‍ കൂട്ടിച്ചേര്‍ത്തു.