നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമോ, അതോ ഖത്തറിനൊപ്പമോ? കൃത്യമായ നിലപാട് അറിയിക്കണമെന്ന് പാകിസ്താനോട് സൗദി

ഖത്തര്‍ പ്രശ്‌നത്തില്‍ പാകിസ്താന്‍ കൃത്യമായ നിലപാട് അറിയിക്കണമെന്ന് സൗദി അറേബ്യ. ജിദ്ദയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പാക് പ്രധാനമന്ത്രിയോട് സൗദി രാജാവാണ് ചോദ്യം ഉന്നയിച്ചത്.

നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമോ, അതോ ഖത്തറിനൊപ്പമോ? സല്‍മാന്‍ രാജാവ്, നവാസ് ഷെരീഫിനോട് ചോദിച്ചതായി പ്രമുഖ പാക് ദിനപത്രം എക്‌സ്പ്രസ് ട്രിബ്യൂണിനെ ഉദ്ധരിച്ച് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ഖത്തര്‍ വിഷയത്തില്‍ ആരുടെ പക്ഷവും ചേരില്ലെന്ന് പാകിസ്താന്‍ സൗദിയെ അറിയിച്ചു. പ്രശ്‌നത്തില്‍ അയവുവരുത്താന്‍ പാകിസ്താന്‍ ഇടപെടും. ഇതിനായി ഖത്തര്‍, കുവൈറ്റ്, തുര്‍ക്കി എന്നിവിടങ്ങളിലേയ്ക്കും പാക് പ്രധാനമന്ത്രി പോകും.

ഖത്തര്‍ പ്രശ്‌നത്തില്‍ നയതന്ത്രചര്‍ച്ചകള്‍ക്കായി ഗള്‍ഫില്‍ എത്തിയതായിരുന്നു ഫെരീഷ്.  പാക് സൈനിക തലവന്‍ ജനറല്‍ ഖമര്‍ ജാവേദ് ബാവ്ജയും പ്രധാനമന്ത്രിക്കൊപ്പം സൗദി സന്ദര്‍ശനത്തിന് എത്തിച്ചേര്‍ന്നിരുന്നു. തീവ്രവാദ സംഘങ്ങള്‍ക്ക് സഹായം ചെയ്തു എന്നാരോപിച്ചാണ് ഖത്തറിനെ ഒറ്റപ്പെടുത്താന്‍ മറ്റ് അറബ് രാജ്യങ്ങള്‍ തീരുമാനിച്ചത്.