ഖത്തര്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ മധ്യസ്ഥ ശ്രമവുമായി തുര്‍ക്കിയും കുവൈറ്റും

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് തുര്‍ക്കിയും കുവൈറ്റും ശ്രമം തുടങ്ങി. പ്രശ്‌നപരിഹാരത്തിനായി ഇടപെടണമെന്ന് കുവൈറ്റിലെ പാര്‍ലമെന്റ് അംഗങ്ങള്‍ ഭരണനേതൃത്വത്തോട് ആവശ്യപ്പെട്ടു. ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് എല്ലാ കക്ഷികളും തയാറാകണമെന്ന് തുര്‍ക്കി അഭ്യര്‍ഥിച്ചു.നയതന്ത്ര ബന്ധം വിച്ഛേദിച്ച നടപടിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തര്‍ മന്ത്രിസഭ അറിയിച്ചു. സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. സൗദി അതിര്‍ത്തി അടച്ചെങ്കിലും ഭക്ഷ്യക്ഷാമം ഉണ്ടാകില്ല.

നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനു പിന്നാലെ ഖത്തറിലേക്കുള്ള പഞ്ചസാര കയറ്റുമതി സൗദിയും യുഎഇയും നിര്‍ത്തിവച്ചു.അതേസമയം, പ്രതിസന്ധി അനന്തമായി നീണ്ടാല്‍ യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളെയും ബാധിക്കും. യുഎഇയ്ക്ക് അവശ്യമായ ദ്രവീകൃത പ്രകൃതി വാതകത്തിന്റെ ഏറിയ പങ്കും ഖത്തറില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

ഖത്തറുമായുള്ള അതിര്‍ത്തി സൗദി ദീര്‍ഘകാലത്തേക്ക് അടച്ചിട്ടാല്‍ ലോകകപ്പ് ഒരുക്കങ്ങളെയും ബാധിക്കും. ലോകകപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് സംഘാടകസമിതിയുമായി നിരന്തര ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഫിഫ അറിയിച്ചു.