മത്സ്യത്തൊഴിലാളികളുടെ ധീരതയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി; ‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കും’

കേരളം പ്രളയക്കെടുതിയില്‍ മുങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളികളുടെ ധീരതയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മത്സ്യത്തൊഴിലാളികളുടെ സേവനം കോസ്റ്റ് ഗാര്‍ഡ് ഉപയോഗപ്പെടുത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യുപിഎ അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കും.
ദൈവത്തിന്റെ സ്വന്തം സൈന്യത്തിന് അവരുടെ മന്ത്രാലയം ഉണ്ടായിരിക്കുമെന്നും രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തു. കപടവാഗ്ദാനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നില്ല, ഇത് കോണ്‍ഗ്രസ് അധ്യക്ഷന്റെ വാക്കാണെന്നും രാഹുല്‍ പറഞ്ഞു. പ്രളയത്തിലകപ്പെട്ടവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് കാംലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ നല്‍കുന്ന സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയദുരന്തബാധിതരെ സന്ദര്‍ശിക്കാനായി കേരളത്തിലെത്തിയതാണ് രാഹുല്‍ ഗാന്ധി. ചൊവ്വാഴ്ച്ച രാവിലെ എട്ടരയോടെ തിരുവനന്തപുരത്ത് എത്തിയ രാഹുല്‍ ഇന്നും നാളെയും കേരളത്തിലുണ്ടാവും. രാവിലെ ചെങ്ങന്നൂരിലെത്തിയ രാഹുല്‍ അവിടെയുള്ള ദുരിതാശ്വാസ ക്യാംപുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം ആലപ്പുഴയിലെ ക്യാംപുകളിലും സന്ദര്‍ശനം നടത്തുകയായിരുന്നു.

29ന് രാവിലെ ഒമ്പതിന് ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യാന്‍ ഡി.സി.സി സംഭരിച്ച ഭക്ഷ്യവസ്തുക്കളും മറ്റും നിറച്ച ലോറികള്‍ മറൈന്‍ ഡ്രൈവില്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ട് എത്തിയ ശേഷം ഹെലികോപ്ടറില്‍ വയനാട്ടിലേക്ക് തിരിക്കും. 11.30 മുതല്‍ 12.30 വരെ കോട്ടാത്തല വില്ലേജിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. 1.15ഓടെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്ക് മടങ്ങും.