പ്രധാനമന്ത്രിയുടെ ‘ബസ്റ്റ് ഫ്രണ്ട് ഫോര്‍ എവര്‍’ ആയാല്‍ റഫേല്‍ കരാര്‍ സ്വന്തമാക്കാം:രാഹുല്‍!

ന്യൂഡല്‍ഹി: റഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വ്യവസായി അനില്‍ അംബാനിക്കുമെതിരെ രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ആര്‍ക്കാണോ 1.3 ലക്ഷം കോടിക്ക് റഫേല്‍ കരാറില്‍ എത്താന്‍ കഴിഞ്ഞത് അയാളാണ് പ്രധാനമന്ത്രിയുടെ എന്നത്തെയും ഉറ്റ സുഹൃത്ത്(ബെസ്റ്റ് ഫ്രണ്ട് ഫോര്‍ എവര്‍) എന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.

നിങ്ങള്‍ പ്രധാനമന്ത്രിയുടെ പ്രിയ സുഹൃത്തായാല്‍ നിങ്ങള്‍ക്ക് 1.3 ലക്ഷം കോടിക്ക്, മുന്‍പരിചയം പോലുമില്ലാതെ റഫേല്‍ കരാര്‍ സ്വന്തമാക്കാന്‍ കഴിയും. മാത്രമല്ല, നിങ്ങളുടെ കമ്പനിയില്‍ നിന്ന് മാത്രം ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാന്‍ 4 ലക്ഷം ജമ്മുകശ്മീര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സന്നദ്ധരാകുമെന്നും രാഹുല്‍ ആരോപിച്ചു.

ജമ്മുകശ്മീര്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിരമിച്ച ജീവനക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി അംബാനിയുടെ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ഇന്‍ഷുറന്‍സ് എടുക്കാന്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.

റഫേല്‍ കരാറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് തന്റെ കമ്പനിയുടെ മേല്‍ നടത്തുന്ന ആരോപണങ്ങളെല്ലാം അനില്‍ അംബാനി തള്ളിയിരുന്നു. ഫ്രഞ്ച് കമ്പനിയായ ദസ്സോ തങ്ങളെ പങ്കാളികളായി തെരഞ്ഞെടുത്തതില്‍ കേന്ദ്ര സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നായിരുന്നു അംബാനിയുടെ വാദം.

റഫേല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനൊപ്പം കേന്ദ്ര സര്‍ക്കാര്‍ പങ്കാളിയായി നിര്‍ദ്ദേശിച്ചത് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെയാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളോന്ദ് വെളിപ്പെടുത്തിയിരുന്നു. യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ പങ്കാളിയാക്കാനാണ് നിര്‍ദേശിച്ചിരുന്നത്. 2015ല്‍ നിലവിലെ സര്‍ക്കാരിന്റെ കാലത്ത് കരാര്‍ ഒപ്പിടുന്നതിന് ഏതാനും ദിവസങ്ങള്‍മാത്രം മുമ്പ് നിലവില്‍ വന്ന അനില്‍ അംബാനിയുടെ കമ്പനിയെ പങ്കാളിയാക്കുകയായിരുന്നു എന്നാണ് ആരോപണം.

Show More

Related Articles

Close
Close