അഭിമുഖം വിവാദമായി; രാഹുലിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിന് ശേഷം ടെലിവിഷന്‍ ചാനലിന് അഭിമുഖം നല്‍കിയ സംഭവത്തില്‍ കോണ്‍ഗ്രസ്‌നിയുക്ത അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. രാഹുല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കമീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പരസ്യപ്രചരണം അവസാനിച്ച ശേഷം ചാനലിന് അഭിമുഖം നല്‍കിയതില്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടപ്രകാരം വോട്ടെടുപ്പിനു 48 മണിക്കൂര്‍ മുമ്പ് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നതിനും മറ്റു പ്രചരണപരിപാടികള്‍ക്കും നിയന്ത്രണമുണ്ട്. എന്നാല്‍ ഇത് ലംഘിച്ചാണ് ബുധനാഴ്ച രാഹുല്‍ ഗുജറാത്തി ചാനലിന് അഭിമുഖം നല്‍കിയത്. രാഹുലിന്റെ അഭിമുഖം പ്രാദേശിക ചാനല്‍ സംപ്രേക്ഷണം ചെയ്തതോടെ ദേശീയ മാധ്യമങ്ങടക്കമുള്ളവരും അത് പ്രക്ഷേപണം ചെയ്തു. തുടര്‍ന്ന് രാഹുല്‍ പെരുമാറ്റചട്ട ലംഘനം നടത്തിയെന്നാരോപിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു.

അഭിമുഖം സംപ്രേക്ഷണം ചെയ്ത ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ കേസെടുക്കാനും തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവിട്ടു. അതേസമയം, ബുധനാഴ്ച വൈകിട്ട് വ്യാപാര സംഘടനയായ ഫിക്കിയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെയും കമീഷന്‍ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.