റയിൽവേ, ‘ന്യൂ ജെൻ’

railway
‘ന്യൂ ജെൻ’ ശൈലിയിൽ റയിൽവേ. ‘ക്യൂ’ നിന്നു മടുക്കാതെ പ്ലാറ്റ്‌ഫോം ടിക്കറ്റുകളും സീസൺ ടിക്കറ്റുകളും മൊബൈൽ ഫോൺ വഴി വാങ്ങാനുള്ള സൗകര്യമാണു റയിൽവേ ഒരുക്കുന്നത്. പ്ലാറ്റ്‌ഫോം ടിക്കറ്റുകളും സീസൺ ടിക്കറ്റുകളും വിൽക്കാൻ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായ മൊബൈൽ പ്ലാറ്റ്‌ഫോം, സീസൺ ടിക്കറ്റുകൾ വിവിധ മേഖലകളിലെ 236 സ്‌റ്റേഷനുകളിൽ ഇന്നു നിലവിൽ വരും. അടുത്ത വർഷം കേരളത്തിലെ പ്രധാന സ്‌റ്റേഷനുകളിലും സൗകര്യം ലഭ്യമാകും. ചെന്നൈ, മുംബൈ സബർബൻ സ്‌റ്റേഷനുകളിലും ന്യൂഡൽഹിയിലും നടത്തിയ പരീക്ഷണം വിജയിച്ചതോടെയാണു പദ്ധതി കൂടുതൽ സ്‌റ്റേഷനുകളിലേക്കു വ്യാപിപ്പിക്കുന്നത്.

ഗൂഗിൾ പ്ലേ സ്‌റ്റോറിൽനിന്നും വിൻഡോസ് സ്‌റ്റോറിൽനിന്നും മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. മൊബൈൽ നമ്പർ, പേര്, നഗരം, ട്രെയിൻ, ക്ലാസ്, ടിക്കറ്റ് ടൈപ്, റൂട്ട് എന്നിവ രേഖപ്പെടുത്തി റജിസ്‌റ്റർ ചെയ്യണം. റജിസ്‌ട്രേഷൻ പൂർത്തിയാകുമ്പോൾ ‘ആർ–വാലെറ്റ്’ എന്ന പണസഞ്ചി തുറക്കും. ഓൺലൈൻ വെബ്സൈറ്റിലൂടെയോ റയിൽവേ കൗണ്ടറുകൾ വഴിയോ വാലെറ്റ് ആവശ്യാനുസരണം നിറയ്ക്കാം.