നൈറ്റ് പട്രോളിങ് ജീവനക്കാരുടെ മിന്നല്‍പണിമുടക്ക് :ട്രെയിനുകള്‍ വൈകിയോടുന്നു.

നൈറ്റ് പട്രോളിങ് ജീവനക്കാരുടെ പണിമുടക്ക് കാരണം തീരദേശ റെയില്‍പാതയിലൂടെയുള്ള മിക്ക ട്രെയിനുകളും വൈകിയോടുകയാണ്. ട്രാക്കുകളുടെ സുരക്ഷ പരിശോധിക്കുന്ന ജീവനക്കാരാണ് ബുധനാഴ്ച രാത്രിയോടെ മിന്നല്‍പണിമുടക്ക് ആരംഭിച്ചത്. രാത്രികാലങ്ങളില്‍ ട്രാക്കുകളുടെ പരിശോധനക്ക് താത്കാലിക ജീവനക്കാരെ നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് നൈറ്റ് പട്രോളിങ് ജീവനക്കാര്‍ പണിമുടക്കുന്നത്. അതീവസുരക്ഷാ വിഭാഗത്തില്‍പ്പെടുന്ന രാത്രികാല പരിശോധനക്ക് പരിശീലനം സിദ്ധിച്ച രണ്ട് ട്രാക്ക്‌മെയിന്റനര്‍മാര്‍ വേണമെന്നാണ് ചട്ടം. എന്നാല്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് പുല്ലുവില കല്‍പിച്ച് കരാര്‍ ജീവനക്കാരെയും അധികൃതര്‍ പരിശോധനക്ക് അയക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നൈറ്റ് പട്രോളിങ് ജീവനക്കാര്‍ പണിമുടക്കുന്നത്. വ്യാഴാഴ്ച രാവിലെ ആറ് മണി വരെ പണിമുടക്ക് നീണ്ടേക്കുമെന്നാണ് വിവരം.

കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് ചേര്‍ത്തലയില്‍ രണ്ട് മണിക്കൂറോളം പിടിച്ചിട്ടു. രാത്രികാല പരിശോധനക്ക് ജീവനക്കാരില്ലാത്തതിനാല്‍ ചേര്‍ത്തല -മാരാരിക്കുളം സെക്ഷനില്‍ വൈകീട്ട് ഏഴ് മണിമുതല്‍ 15 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്..