കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി രാജിവച്ചു; മന്ത്രിസഭ ഉടന്‍ പുനസംഘടിപ്പിക്കും..

പുനഃസംഘടനാ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി രാജിവച്ചു. നൈപുണ്യ വികസന വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. അരുണ്‍ ജയ്റ്റ്ലി ഉള്‍പ്പെടെ എട്ടു കേന്ദ്രമന്ത്രിമാരുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പുനഃസംഘടനാ കാര്യങ്ങൾ ചർച്ച ചെയ്തതിനു മണിക്കൂറുകൾക്കുള്ളിലാണു രാജീവ് പ്രതാപ് റൂഡിയുടെ രാജി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് കേന്ദ്രമന്ത്രിസഭയിൽ സമഗ്ര അഴിച്ചുപണി നടത്തുമെന്ന സൂചനകളാണു ബിജെപി കേന്ദ്രനേതൃത്വം മുന്നോട്ടുവയ്ക്കുന്നത്.

റെയില്‍വേ വകുപ്പ് നിതിന്‍ ഗഡ്കരിക്കു നല്‍കാനാണു സാധ്യത. അരുണ്‍ ജയ്റ്റ്ലി ധനവകുപ്പ് ഒഴിയും. പീയുഷ് ഗോയല്‍ ധനമന്ത്രിയാകും. ഉമാ ഭാരതി ഉള്‍പ്പെടെ കൂടുതല്‍പേര്‍ രാജി നല്‍കിയേക്കും എന്നും റിപ്പോർട്ടുണ്ട്.

വനം-പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്ന അനില്‍ ദാവെ അന്തരിച്ച ശേഷം ഈ വകുപ്പിന്റെ അധികചുമതല ഹര്‍ഷവര്‍ധനാണ് നല്‍കിയിരിക്കുന്നത്.അടിക്കടിയുണ്ടാവുന്ന ട്രെയിനപകടങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വെ മന്ത്രി സുരേഷ് പ്രഭു നേരത്തെ പ്രധാനമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും കാത്തിരിക്കാനായിരുന്നു മോദിയുടെ നിര്‍ദേശം. പുനസംഘടനയിലൂടെ സുരേഷ് പ്രഭുവിനെ മറ്റൊരു മന്ത്രാലയത്തിലേക്ക് പറ്റി പുതിയ റെയില്‍വെമന്ത്രിയെ നിയമിക്കുമെന്നാണ് കരുതപ്പെടുന്നത്.