ബിജെപിയിലേക്ക് മുഖ്യമന്ത്രി ആളെക്കൂട്ടേണ്ടെന്ന് ചെന്നിത്തല

മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെയുള്ള, മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഡിജിപിയായിരുന്ന സമയത്ത് സുചിന്തിതവും, നീതിപൂര്‍വവും, നിക്ഷ്പക്ഷവുമായ നിലപാടുകളെടുത്ത ഒരു ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രി ഇത്തരം ബാലിശമായ ആരോപണങ്ങള്‍ നടത്തരുതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിനെതിരായ സഭയിലെ മുഖ്യമന്ത്രിയുടെ പരമാര്‍ശം ഒഴിവാക്കാമായിരുന്നു. ബിജെപിയിലേക്ക് മുഖ്യമന്ത്രി ആളെക്കൂട്ടേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നും നിയമപാലകര്‍ കാഴ്ചക്കാരായി മാറിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും യുഡിഎഫ് താവളം വിട്ട് പുതിയ താവളം തേടുകയാണെന്നും പിണറായി വിജയന്‍ നിയമസഭയില്‍ ആരോപിച്ചിരുന്നു. സെന്‍കുമാര്‍ ഉന്നയിക്കുന്നത് പ്രതിപക്ഷത്തേക്കാള്‍ കടുത്ത ആരോപണമാണ്. അദ്ദേഹത്തിന്റെ സംസാരം ഡിജിപി സ്ഥാനത്തിരുന്നയാള്‍ക്ക് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് സെന്‍കുമാര്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയത് സിപിഎമ്മിന്റെ പ്രതികാര നടപടിയുടെ ഭാഗമാണെന്ന് സെന്‍കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ടിപി ചന്ദ്രശേഖരന്‍ വധം, ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം തുടങ്ങിയ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിപിഎം നേതാക്കള്‍ക്കെതിരെ നടത്തിയ സത്യസന്ധമായ അന്വേഷണം കാരണമാണു പ്രതികാര നടപടിയുണ്ടായതെന്നും സെന്‍കുമാര്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് സഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.