ഹര്‍ത്താല്‍ ദിനത്തില്‍ മകന്റെ വിവാഹനിശ്ചയം; കാറിലെത്തിയ അതിഥികളെ സ്വീകരിക്കാന്‍ സ്‌കൂട്ടറിലെത്തി ചെന്നിത്തല

അടിക്കടി പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിക്കുന്നതിനെതിരെ കോണ്‍ഗ്രസ് സംസ്ഥാനത്ത് നടത്തുന്ന ഹര്‍ത്താല്‍ ദിനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് വിവാഹനിശ്ചയം. അതിഥികള്‍ കാറില്‍ ചടങ്ങിനെത്തിയപ്പോള്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ശേഷം ഡി.സി.സി ഓഫീസില്‍ നിന്നും സ്‌കൂട്ടറിലാണ് ചെന്നിത്തല വിവാഹനിശ്ചയ വേദിയിലെത്തിയത്.

രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത്തിന്റെയും വ്യവസായി ഭാസിയുടെ മകള്‍ ശ്രീജയുടെയും വിവാഹനിശ്ചയമാണ് കൊച്ചിയില്‍ നടന്നത്. വിവാഹ നിശ്ചയം മുമ്പേ തീരുമാനിച്ചതാണെന്നും അതുകൊണ്ടാണ് മാറ്റി വെയ്ക്കാതിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രോഹിത്ത് അമൃത ആശുപത്രിയിലും ശ്രീജ അമേരിക്കയിലും ഡോക്ടറാണ്.

കൊച്ചിയില്‍ ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ ഇന്നു നടന്ന ഹര്‍ത്താലിനോടനുബന്ധിച്ച് യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ചെന്നിത്തല കാളവണ്ടിയില്‍ യാത്ര ചെയ്തിരുന്നു.