ആള്‍ദൈവം രാംപാലിനെ അറസ്റ്റു ചെയ്തു

rampal

രണ്ടുദിവസം നീണ്ട നാടകീയതകള്‍ക്ക് ഒടുവില്‍ വിവാദ ആള്‍ദൈവം രാംപാലിനെ ഹരിയാണ പോലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച രാത്രി 9.30- ഓടെ ഹിസ്സാറിലെ ആശ്രമത്തിനകത്തുനിന്ന് അറസ്റ്റുചെയ്ത അദ്ദേഹത്തെ ആംബുലന്‍സില്‍ അജ്ഞാത സ്ഥലത്തേക്ക് നീക്കി.

രാംപാലിന്റെ മകനും അടുത്ത അനുയായി എന്നറിയപ്പെടുന്ന പുരുഷോത്തം ദാസും അടക്കം 70 പേരെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇവരില്‍ പലരും അദ്ദേഹത്തിന്റെ സ്വകാര്യ സേനയിലെ അംഗങ്ങളാണ്. കൊലപാതകക്കേസില്‍ പത്ത് ദിവസത്തിനിടെ മൂന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും ഹാജരാകാത്ത രാംപാലിനെ വെള്ളിയാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ പഞ്ചാബ്-ഹരിയാണ ഹൈക്കോടതി അന്ത്യശാസനം നല്‍കിയിരുന്നു.

ചൊവ്വാഴ്ച അറസ്റ്റുചെയ്യാന്‍ പോലീസ് ശ്രമിച്ചെങ്കിലും അനുയായികളെ മനുഷ്യകവചമാക്കി ആക്രമമഴിച്ചുവിട്ട് രാംപാലും കൂട്ടരും അത് പരാജയപ്പെടുത്തിയിരുന്നു. ഇതിനിടെ കൊല്ലപ്പെട്ടതെന്ന് കരുതുന്ന ആറുപേരുടെ മൃതദേഹങ്ങള്‍ ഹിസാറിലുള്ള സത്‌ലോക് ആശ്രമത്തില്‍നിന്ന് കണ്ടെടുത്തു. അഞ്ച് സ്ത്രീകളുടെയും പതിനെട്ട് മാസം പ്രായമായ കുട്ടിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ ആശ്രമം അധികൃതരാണ് പോലീസിന് കൈമാറിയത്. ആശ്രമവളപ്പില്‍ ബുധനാഴ്ചയും തുടര്‍ന്ന സംഘര്‍ഷത്തിനൊടുവിലാണ് പോലീസ് രാംപാലിന്റെ അനുയായികളെ കീഴടക്കി ആള്‍ദൈവത്തെ പിടികൂടിയത്. ഇയാള്‍ക്കെതിരെ രാജ്യദ്രോഹം, കലാപമുണ്ടാക്കല്‍, കൊലപാതകശ്രമം എന്നീ വകുപ്പുകള്‍കൂടി ചുമത്തി. ആശ്രമ നടത്തിപ്പിന്റെ ചുമതലയുള്ള പുരുഷോത്തം ദാസിനെ ബുധനാഴ്ച ആശ്രമത്തില്‍നിന്ന് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ആശ്രമത്തിനുള്ളില്‍നിന്ന് 250 പാചകവാതക സിലിണ്ടറുകളും പോലീസ് കണ്ടെത്തി. അരക്കിലോമീറ്ററോളം കനത്ത നാശനഷ്ടമുണ്ടാക്കാന്‍ കഴിയുന്ന സ്‌ഫോടകശേഷി ഇവയ്ക്കുണ്ടെന്ന് ഡി.ജി.പി. വി.എന്‍. വസിഷ്ഠ് പറഞ്ഞു.

ദ്രുതകര്‍മസേനയുടെ 500 പേരടങ്ങുന്ന യൂണിറ്റിനെ ബുധനാഴ്ച ആശ്രമവളപ്പില്‍ വിന്യസിച്ചു. ആശ്രമത്തിന്റെ മതിലുകള്‍ പൊളിച്ച് അകത്തുകയറാന്‍ ബുള്‍ഡോസറുകളും മണ്ണുമാന്തിയന്ത്രവും സജ്ജമാക്കിയാണ് പോലീസെത്തിയത്. ആശ്രമത്തില്‍നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളില്‍ പരിക്കേറ്റ പാടുകളൊന്നുമില്ലെന്നും മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ വ്യക്തമാകൂവെന്നും ഡി.ജി.പി. എസ്.എന്‍. വസിഷ്ഠ് പറഞ്ഞു. 5000- ത്തോളം പേര്‍ ഇപ്പോഴും ആശ്രമത്തിനുള്ളിലുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇവരോട് പുറത്തിറങ്ങാന്‍ പോലീസ് ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കുന്നുണ്ട്. ആശ്രമത്തിലേക്കുള്ള വൈദ്യുതിയും കുടിവെള്ളവും വിച്ഛേദിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയുമായി 10,000 അനുയായികള്‍ ആശ്രമം വിട്ടതായും പോലീസ് പറഞ്ഞു.