ചീഫ് ജസ്റ്റിസായി രജ്ഞന്‍ ഗൊഗോയ് അധികാരമേല്‍ക്കുന്നു!

ന്യൂഡല്‍ഹി: ഇന്ത്യയുടെ 46-ാംമത് ചീഫ് ജസ്റ്റിസായി രജ്ഞന്‍ ഗൊഗോയ് അധികാരമേല്‍ക്കുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, മറ്റ് കേന്ദ്ര മന്ത്രിമാര്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പന്ത്രണ്ട് മണിക്ക് ചീഫ് ജസ്റ്റിസെന്ന നിലയില്‍ ആദ്യമായി കേസുകള്‍ പരിഗണിച്ച് തുടങ്ങും. 2019 നവംബര്‍ പതിനേഴ് വരെ ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിക്കും.

സുപ്രീംകോടതി നടപടികള്‍ ശരിയല്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചില കേസുകള്‍ പ്രത്യേക ബഞ്ചിന് മാത്രമായി നല്‍കിക്കൊണ്ട് വിവേചന പരമായി പെരുമാറുന്നു എന്ന് കാണിച്ച് മുതിര്‍ന്ന ജഡ്ജിമാര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഗൊഗോയും ഉണ്ടായിരുന്നു. അത്തരമൊരാള്‍ നീതി ന്യായ വ്യവസ്ഥിതിയുടെ തലപ്പത്ത് വരുന്നത് പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റു നോക്കുന്നത്.

അസം സ്വദേശിയായ ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് 1978ലാണ് ഗുവഹാട്ടി ഹൈക്കോടതിയില്‍ പ്രാക്ടീസിംഗ് ആരംഭിക്കുന്നത്. 2001ല്‍ ഗുവഹാട്ടി ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 2010 സെപ്തംബറില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റം. 2001 ഫെബ്രുവരിയില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി. 2012 ഏപ്രില്‍ 23ന് സുപ്രീം കോടതിയലെത്തി. സൗമ്യ കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതും, വിധി ചോദ്യം ചെയ്ത മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജുവിനെതിരെ കോടതിയില്‍ വിളിച്ച് വരുത്തി കോടതിയലക്ഷ്യക്കേസെടുത്തതുള്‍പ്പെടെയുള്ള സംഭവ വികാസങ്ങള്‍ കൊണ്ട് ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.

ജസ്റ്റിസ് ചലമേശ്വര്‍, മദന്‍ ബി ലൗക്കര്‍, കുര്യന്‍ ജോസഫ് എന്നിവരായിരുന്നു ഗൊഗോയ്‌ക്കൊപ്പം അന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്. ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച സുപ്രധാനമായ കേസ് അടക്കമുള്ളവ സീനിയര്‍ ജഡ്ജിമാര്‍ക്ക് നല്‍കാതെ ജൂനിയര്‍ ജഡ്ജിമാരുടെ ബഞ്ചിന് നല്‍കിയ ചീഫ് ജസ്റ്റിസിന്റെ തീരുമാനങ്ങള്‍ക്ക് എതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് രഞ്ജന്‍ ഗൊഗോയ് അന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

Show More

Related Articles

Close
Close