രഞ്ജി ട്രോഫി: 11 റണ്‍സിനിടെ കേരളത്തിന് അഞ്ച് വിക്കറ്റ് നഷ്ടം; ഒന്നാം ഇന്നിങ്‌സില്‍ 176 ന് പുറത്ത്

വിദര്‍ഭയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ തകര്‍ന്നടിഞ്ഞ് കേരളം. അവസാന അഞ്ചു വിക്കറ്റുകള്‍ 11 റണ്‍സിനിടെ നഷ്ടപ്പെടുത്തിയ കേരളം 176 റണ്‍സിന് ഒന്നാമിന്നിങ്‌സില്‍ പുറത്തായി. ഇതോടെ വിദര്‍ഭ 70 റണ്‍സിന്റെ നിര്‍ണായക ലീഡ് നേടി.  രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെന്ന നിലയില്‍ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന്റെ ബാറ്റ്‌സ്മാന്‍മാര്‍ കളി മറക്കുന്ന കാഴ്ച്ചയാണ് സൂറത്തിലെ സ്‌റ്റേഡിയത്തില്‍ കണ്ടത്. 29 റണ്‍സെടുത്ത രോഹന്‍ പ്രേമിന്റെ വിക്കറ്റാണ് മൂന്നാം ദിനം കേരളത്തിന് ആദ്യം നഷ്ടമായത്. ആ തകര്‍ച്ചയില്‍ നിന്ന് കര കയറാന്‍ കേരളത്തിന് പിന്നീട് കഴിഞ്ഞില്ല.

പിടിച്ചു നില്‍ക്കാന്‍ സഞ്ജു സാംസണ്‍ ശ്രമിച്ചെങ്കിലും 32 റണ്‍സിലെത്തി നില്‍ക്കെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. 117 പന്തില്‍ 40 റണ്‍സെടുത്ത മികച്ച ഫോമിലായിരുന്ന ജലജ് സക്‌സേനയുടേതായിരുന്നു അടുത്ത ഊഴം. ഇതോടെ കേരളത്തിന്റെ തകര്‍ച്ച പൂര്‍ണ്ണമായി. പിന്നീട് വാലറ്റത്തെ അഞ്ചു വിക്കറ്റുകള്‍ 11 റണ്‍സിന്റെ വ്യത്യാസത്തില്‍ കേരളം നഷ്ടപ്പെടുത്തി. അരുണ്‍ കാര്‍ത്തിക് 21 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സല്‍മാന്‍ നിസാര്‍ ഏഴു റണ്‍സിന് ക്രീസ് വിട്ടു. ബേസില്‍ തമ്പിയുടെ സമ്പാദ്യം രണ്ടു റണ്‍സായിരുന്നു. അക്ഷയ് കെ.സി ഒരു റണ്ണിനും പുറത്തായി.

ആര്‍.എന്‍ ഗുര്‍ബാനിയുടെ ബൗളിങ്ങിന് മുന്നിലാണ് കേരളത്തിന്റെ ബാറ്റ്‌സ്മാന്‍മാര്‍ ചൂളിപ്പോയത്. 14 ഓവറില്‍ 38 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റാണ് ഗുര്‍ബാനി പിഴുതത്.