റിസര്‍വ് ബാങ്കിന്റെ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും; റിപ്പോ നിരക്ക് ഉള്‍പ്പെടെയുള്ള പ്രധാന നിരക്കുകള്‍ കുറയ്ക്കില്ലെന്ന് സൂചന

റിസര്‍വ് ബാങ്കിന്റെ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും. ആർബിഐ ഗവർണർ ഉർജിത് പട്ടേലിന്റെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച ആറംഗ പണ നയ അവലോകന സമിതി യോഗമാണ് (എംപിസി) ഇന്ന് വായ്പനയം പ്രഖ്യാപിക്കുന്നത്. ഇന്നത്തെ നയപ്രഖ്യാപനത്തില്‍ റിപ്പോ നിരക്ക് ഉള്‍പ്പെടെയുള്ള പ്രധാന നിരക്കുകള്‍ കുറയ്ക്കില്ലെന്നാണ് സൂചന. ഓഗസ്റ്റിലെ വായ്പനയത്തിൽ ആർബിഐ വാണിജ്യ ബാങ്കകുകൾക്കു നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റീപ്പോ നിരക്കിൽ 0.25% കുറവു വരുത്തിയിരുന്നു. എന്നാൽ ഇക്കുറി പലിശ നിരക്കിൽ മാറ്റമുണ്ടാവില്ലെന്ന കണക്കുകൂട്ടലിലാണു വ്യാപാര മേഖല. പണപ്പെരുപ്പം ഉയരുന്നതാണ് നിരക്ക് കുറയ്ക്കുന്നതില്‍ നിന്ന് ആര്‍ബിഐയെ പിന്നോട്ടുവലിക്കുന്നത്. ചില്ലറവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റില്‍ 3.36 ശതമാനമായി ഉയര്‍ന്നിരുന്നു. ജൂലായില്‍ ഇത് 2.36 ശതമാനമായിരുന്നു. പഴംപച്ചക്കറി വിലകള്‍ ഉയരുന്നതാണ് വിലക്കയറ്റത്തിന് കാരണം. ഇന്ധനവില കൂടി ഉയരുന്ന സാഹചര്യത്തില്‍ വരും മാസങ്ങളില്‍ പണപ്പെരുപ്പം ഇനിയും കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബാങ്കുകള്‍ക്ക് ആര്‍ബിഐ. വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് ഓഗസ്റ്റില്‍ കാല്‍ ശതമാനം കുറച്ച് ആറു ശതമാനത്തിലെത്തിച്ചിരുന്നു. ഏഴു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. ഇത് കാല്‍ ശതമാനം കൂടിയെങ്കിലും കുറയ്ക്കണമെന്നാണ് വ്യവസായ മേഖലയുടെ ആവശ്യം.