ജമ്മു – ശ്രീനഗർ ദേശീയപാതയിൽ രാജ്യത്തെ ഏറ്റവും വലിയ റോഡ് തുരങ്കം പൂർത്തിയായി.

Capture gadgari
ജമ്മു – ശ്രീനഗർ ദേശീയപാതയിൽ രാജ്യത്തെ ഏറ്റവും വലിയ റോഡ് തുരങ്കം പൂർത്തിയായി.2011 മേയ് 23നു തുടങ്ങിയ
9.2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് തുരങ്ക പദ്ധതിക്കു ചെലവായതു 2,500 കോടി രൂപയാണ്.ഉധംപൂർ ജില്ലയിലെ ചെനാനിയെയും റംബാനിലെ നാഷ്‌രിയെയും ബന്ധിപ്പിക്കുന്ന തുരങ്കം ഏതു കാലാവസ്‌ഥയിലും ജമ്മുവിനും ശ്രീനഗറിനുമിടയ്‌ക്കു ഗതാഗതം ഉറപ്പാക്കും.മഞ്ഞുവീഴ്‌ചയെയും ഹിമാനികളെയും അതിജീവിക്കും.ഇരു നഗരങ്ങൾക്കുമിടയിൽ ദൂരം 30 കിലോമീറ്റർ കുറയ്‌ക്കും.താഴ്‌വരയിലേക്ക് ഏതു കാലാവസ്‌ഥയിലും റോഡ് മാർഗമെത്താമെന്നതു പ്രതിരോധ തന്ത്രപരമായും പ്രധാനം.ഇന്നു ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുടെ സാന്നിധ്യത്തിൽ ദേശീയപാത അതോറ്റി എൻജിനീയർമാർ ‘നിയന്ത്രിത സ്‌ഫോടന’ത്തിലൂടെയാണു തുരങ്ക നിർമാണം പൂർത്തിയാക്കുക. രണ്ടറ്റത്തു നിന്നും നിർമിച്ച ഭൂഗർഭപാതകളെ ഒത്ത നടുക്കു കൂട്ടിച്ചേർത്ത് ഒരു തുരങ്കമാക്കുന്നതിനാണു സ്‌ഫോടനം.ജമ്മു–ശ്രീനഗർ ദേശീയപാത നാലു വരിയാക്കുന്നതിന്റെ ഭാഗമായാണു തുരങ്കമുണ്ടാക്കിയത്. അടുത്ത വർഷം ജൂലൈയിൽ പുതുക്കിയ പാത ഗതാഗതസജ്‌ജമാകും.സമാന്തര രക്ഷാതുരങ്കങ്ങളും പദ്ധതിയെ വ്യത്യസ്‌തമാക്കുന്നു.തുരങ്കത്തിനുള്ളിൽ രക്ഷാതുരങ്കങ്ങളെ പ്രധാന തുരങ്കവുമായി ബന്ധിപ്പിച്ച് 29 ഇടവഴികളുണ്ട്. അപകടമുണ്ടായാൽ യാത്രക്കാരെ ഏറ്റവും അടുത്ത ഇടവഴിയിലൂടെ സമാന്തര തുരങ്കത്തിലെത്തിച്ചാണു രക്ഷപ്പെടുത്തുക.തുരങ്കത്തിൽ പ്രാണവായു ഉറപ്പാക്കുന്നതിന് ഇടയ്‌ക്കിടെ കാറ്റുവഴികൾ (വെന്റിലേഷൻ) നിർമിച്ചിട്ടുണ്ട്.നിശ്‌ചിത ഇടദൂരങ്ങളിൽ പാർക്കിങ് സൗകര്യവുമുണ്ടാവും. രാജ്യത്തിന്റെ ഒന്നാം നമ്പർ തുരങ്കത്തിൽ വാഹനങ്ങൾ കേടായാലും പേടിക്കാനില്ല.മിനിറ്റുകൾക്കകം അവ പാർക്കിങ് സ്‌ഥലത്തേക്കു മാറ്റി ഗതാഗത തടസ്സം ഒഴിവാക്കുന്നതിനുള്ള സംവിധാനവും തയാർ.