കേരളത്തില്‍ മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിന് റോബോട്ടുകള്‍ വരുന്നു

കേരളത്തില്‍ മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിന് റോബോട്ടുകള്‍ വരുന്നു. സ്റ്റാര്‍ട്ട്അപ് കമ്പനിയായ ജെനോബിബോട്ടിക്‌സാണ് ഇതിനുള്ള റോബോട്ടുകളെ വികസിപ്പിക്കുക. ഇവര്‍ വികസിപ്പിച്ച റോബോട്ടുകളുടെ പരീക്ഷണം വിജയകരമായി നടത്തിയതായി കേരള ജല അതോറിറ്റി മാനേജിങ് ഡയറക്ടര്‍ എ ഷൈനാമോള്‍ പറഞ്ഞു. പദ്ധതി ഉടന്‍ തന്നെ ആരംഭിക്കും. കേരള സര്‍ക്കാരിനു ഒരുപാട് പ്രതീക്ഷ നല്‍കുന്ന പദ്ധതിയാണിത്. വൈ-ഫൈ, ബ്ലൂ ടൂത്ത്, കണ്‍ട്രോള്‍ പാനലുകള്‍ എന്നിവ റോബോട്ടിനുണ്ടാകും. മാലിന്യം ശേഖരിക്കുന്നതിനു ഒരു ബക്കറ്റ് സിസ്റ്റവും റോബോട്ടിലുണ്ടെന്ന് ഷൈനാമോള്‍ പറഞ്ഞു. കേരള ജല അതോറിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൈപ്പ് ചോര്‍ച്ച, ശുചിത്വം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക്‌ ഇതിലൂടെ അതിവേഗം പരിഹാരം കാണാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു ‘ബാന്‍ഡാറൂട്ട്’ എന്നാണ് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ 5000 മാന്‍ഹോളുകളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. പിന്നീട് സംസ്ഥാനം മുഴുവന്‍ നടപ്പാക്കും