രോഹിത്തിന് മൂന്നാം ഡബിള്‍ സെഞ്ച്വറി

ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് 393 റണ്‍സ് വിജയലക്ഷ്യം. മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഇരട്ട സെഞ്ച്വറി നേടി.ഇതോടെ ഏകദിനത്തില്‍ രോഹിത്ത് കരിയറിലെ മൂന്നാം ഇരട്ട സെഞ്ച്വറിയും 16 ാം സെഞ്ച്വറിയും സ്വന്തമാക്കി.ഏകദിനത്തില്‍ മൂന്ന് ഇരട്ടസെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന ബഹുമതിയും രോഹിത്തിനാണ്. സച്ചിന്‍, സെവാഗ് എന്നിവരാണ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

രോഹിതിന്റെ സെഞ്ച്വറിയും ശ്രേയസ് അയ്യരുടെയും ധവാന്റയും അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിച്ചുയര്‍ന്നത്. 50 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സാണ് ഇന്ത്യ നേടിയത്.

അര്‍ധസെഞ്ചുറി നേടിയ ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. രോഹിത് ശര്‍മയും ശ്രേയസ് അയ്യരുമാണ് പിന്നീട് ക്രീസില്‍ കളം നിറഞ്ഞ് കളിച്ചത്. 68 റണ്‍സെടുത്ത ശിഖര്‍ ധവാനെ പതിരണയാണ് പുറത്താക്കിയത്. 67 പന്തില്‍ ഒന്‍പതു ബൗണ്ടറികളോടെയാണ് ധവാന്‍ 68 റണ്‍സെടുത്തത്. ഒന്നാം വിക്കറ്റില്‍ രോഹിത്-ധവാന്‍ സഖ്യം 115 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ഒന്‍പതാം സെഞ്ചുറി കൂട്ടുകെട്ടാണിത്.

രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മാത്രം ഏകദിനം കളിക്കുന്ന പാതി മലയാളി കൂടിയായ ശ്രേയസ് അയ്യർ കൂട്ടിനെത്തിയതോടെ രോഹിത് കൂടുതൽ അപകടകാരിയായി. അനായാസം ബൗണ്ടറികൾ വാരിക്കൂട്ടിയ ശ്രേയസും മോശമാക്കിയില്ല. രണ്ടാം വിക്കറ്റിലും സെഞ്ചുറി കൂട്ടുകെട്ടു തീർത്ത ഇരുവരും 25.2 ഓവർ ക്രീസിൽ നിന്ന് ഇന്ത്യന്‍ സ്കോർബോർഡിലേക്ക് ഒഴുക്കിയത് 213 റൺസ്. 70 പന്തിൽ ഒൻപതു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 88 റൺസെടുത്ത ശ്രേയസ് അയ്യരെ ക്യാപ്റ്റൻ തിസാര പെരേര മടക്കിയെങ്കിലും രോഹിത് നിർബാധം ആക്രമണം തുടർന്നു.

ഒരറ്റത്ത് മഹേന്ദ്രസിങ് ധോണി (അഞ്ചു പന്തിൽ ഏഴ്), ഹാർദിക് പാണ്ഡ്യ (അഞ്ചു പന്തിൽ എട്ട്) എന്നിവർ വന്നപോലെ മടങ്ങിയിട്ടും ഇതൊന്നും രോഹിതിനെ ബാധിച്ചില്ല. 50 ഓവറും അവസാനിക്കുമ്പോൾ 153 പന്തിൽ 13 ബൗണ്ടറിയും 12 സിക്സും സഹിതം 208 റൺസുമായി രോഹിത് പുറത്താകാതെ നിന്നു.

10 ഓവറിൽ 106 റൺസ് വഴങ്ങിയ ശ്രീലങ്കൻ ബോളർ നുവാൻ പ്രദീപും ‘സെഞ്ചുറി’ നേടി. മൈക്ക് ലൂയിസ് (113), വഹാബ് റിയാസ് (110) എന്നിവർക്കു ശേഷം ഒരു ഏകദിന മൽസരത്തിൽ ഏറ്റവുമധികം റൺസ് വഴങ്ങുന്ന താരമെന്ന റെക്കോർഡും പ്രദീപ് സ്വന്തമാക്കി. മൂന്നു വിക്കറ്റ് വീഴ്ത്തിയ ലങ്കൻ ക്യാപ്റ്റൻ തിസാര പെരേര എട്ട് ഓവറിൽ 80 റൺസ് വഴങ്ങി. ഏഞ്ചലോ മാത്യൂസ് നാല് ഓവറിൽ ഒൻപതു റൺസ് മാത്രം വഴങ്ങി വ്യത്യസ്തനായപ്പോൾ സുരംഗ ലക്മൽ എട്ട് ഓവറിൽ 71, അഖില ധനഞ്ജയ 10 ഓവറിൽ 51, പതിരണ 10 ഓവറിൽ 63, ഗുണരത്‌നെ ഒരു ഓവറിൽ 10 എന്നിങ്ങനെയാണ് മറ്റു ബോളർമാരുടെ പ്രകടനം.