രോഹിത്തിനായി സെവാഗ്, ടെസ്റ്റില്‍ ഓപ്പണറാക്കണം

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ബാറ്റിംഗ് പരാജയം പരിഹരിക്കാന്‍ നിര്‍ദ്ദേശവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ്. രോഹിത് ശര്‍മ്മയെ ഓപ്പണറാക്കി ടെസ്റ്റ് ടീമിലേക്ക് കൊണ്ട് വരണമെന്നാണ് സെവാഗിന്റെ നിര്‍ദ്ദേശം. ഇന്ത്യന്‍ ഓപ്പണര്‍മാരുടെ മോശം പ്രകടനം ചൂണ്ടിക്കാട്ടിയാണ് സെവാഗ് ഇത്തരമൊരു നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ മുരളി വിജയെയും ശിഖര്‍ ധവാനേയും കെ രാഹുലിനെയും മാറിമാറി പരീക്ഷിച്ചെങ്കിലും ആര്‍ക്കും തന്നെ താളം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതാണ് ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ചയുടെ തുടക്കമായി വിലയിരുത്തപ്പെട്ടത്.
രോഹിത് ഇടയ്ക്കിടയ്ക്ക് ടെസ്റ്റ് ടീമില്‍ ഇടംപിടിക്കാറുണ്ടെങ്കിലും അഞ്ചാമനോ ആറാമനോ ആയാണ് ക്രീസില്‍ എത്താറ്. ഇത് മാറ്റി രോഹിത്തിനെ ഓപ്പണറായി പരീക്ഷിക്കണമെന്നാണ് സെവാഗ് പറയുന്നത്. രോഹിത് പരാജയപ്പെട്ടാല്‍ പൃത്ഥി ഷായെ ഓപ്പണിംഗ് സ്ഥാനത്തേയ്ക്ക് കൊണ്ട് വരണമെന്നും വീരു പറയുന്നു.
” പൃഥ്വി ഷായ്ക്ക് അഞ്ചാം ടെസ്റ്റില്‍ ഒരുപക്ഷേ അവസരം ലഭിച്ചേക്കാം . എന്നാല്‍ ആ യുവതാരത്തെക്കാള്‍ രോഹിത് ശര്‍മ്മയ്ക്ക് അവസരം അര്‍ഹിക്കുന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് . ഇന്ത്യ ഓപ്പണറായി രോഹിത് ശര്‍മയെ പരീക്ഷിക്കണം രോഹിത് പരാജയപെട്ടാല്‍ പൃഥ്വി ഷായ്ക്ക് അവസരം നല്‍കാം ‘ സെവാഗ് പറഞ്ഞു .
ഇന്ത്യയില്‍ നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ രോഹിത് ശര്‍മയ്ക്ക് സാധിച്ചെങ്കിലും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മോശം പ്രകടനമാണ് രോഹിത് ശര്‍മയ്ക്ക് തിരിച്ചടിയായത്.