ആ‍ഡംബര കാർ അമിത വേഗത്തിൽ ഓടിച്ച് അപകടം; നിഷാമിന്റെ അനുജൻ അറസ്റ്റിൽ

SPEED
തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ അനുജൻ മുഹമ്മദ് നിസാർ അമിത വേഗത്തിൽ ആഡംബര കാറോടിച്ച് വാഹനാപകടമുണ്ടാക്കിയതിനു അറസ്റ്റിൽ. പാലാരിവട്ടം പൊലീസാണ് മുഹമ്മദ് നിസാറിനെ അറസ്റ്റ് ചെയ്തത്. ഇടപ്പള്ളിയിലാണ് അപകടമുണ്ടായത്.

മുഹമ്മദ് നിസാർ ഓടിച്ച റോൾസ് റോയ്സ് കാർ ഒരു മാരുതി റിറ്റ്സിൽ ഇടിക്കുകയായിരുന്നു. അപകടത്തിന് ഇരയായ കാറുടമയുമായി നിസാർ ഒത്തുതീർപ്പിലെത്തിയെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാനും വാഹനം കസ്റ്റഡിയിലെടുക്കാനും ഡിസിപി ഹരിശങ്കർ നിർദേശിക്കുകയായിരുന്നു. നിസാറിനെയും അപകടമുണ്ടാക്കിയ റോൾസ് റോയ്സ് കാറും പാലാരിവട്ടം സ്റ്റേഷനിൽ എത്തിച്ചു.