റബ്ബര്‍ കര്‍ഷകരെ പരിഗണിക്കാതെ കേന്ദ്ര ബജറ്റ്

rubberകേന്ദ്ര ബജറ്റില്‍ റബര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. ഇറക്കുമതി തീരുവ കൂട്ടുക, സംഭരണത്തിനുള്ള നടപടികള്‍ ആരംഭിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ പോലും കേന്ദ്രം പരിഗണിച്ചില്ല. റബ്ബര്‍ വിലയിടിവ് പരിഹരിക്കാന്‍ നിരവധി ആവശ്യങ്ങളാണ് കേരളം മുന്നോട്ടുവച്ചത്. റബര്‍ വില സ്ഥിരത ഫണ്ടിലേക്ക് കേന്ദ്രത്തിന്‍റെ ധനസഹായമാണ് സംസ്ഥാനം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ബജറ്റില്‍ റബ്ബര്‍ വിലസ്ഥിരതാ ഫണ്ടിന്‍റെ കാര്യം പരാമര്‍ശിച്ചിട്ടേയില്ല.

റബര്‍ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ നിരവധി തവണ കേരളം കേന്ദ്ര സഹായം തേടിയിരുന്നു. വില 150 രൂപയായി സ്ഥിരപ്പെടുത്താനുള്ള ഫണ്ടിലേക്കുള്ള സഹായമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. ഇറക്കു മതി തടയാന്‍ തീരുവ വര്‍ധിപ്പിക്കുക, തുറമുഖങ്ങളിലൂടെയുള്ള ഇറക്കുമതി നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളും കേരളം ഉന്നയിച്ചിരുന്നു. വില സ്ഥിരത ഫണ്ടിലേക്ക് ഇതുവരെ കേന്ദ്രസഹായം ലഭിക്കാത്തതിനെത്തുടര്‍ന്ന് സംസ്ഥാന ബജറ്റില്‍ 500 കോടി രൂപ വകയിരുത്തിയിരുന്നു. ബജറ്റില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് കേരളം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര ബജറ്റില്‍ അവസാന പ്രതീക്ഷ അര്‍പ്പിച്ചിരുന്ന മധ്യകേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് കനത്ത പ്രഹരമായിരിക്കുകയാണ് ഇത്തവണത്തെ ബജറ്റ്.

കേരള കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടം കൊയ്യുന്നത് തടയാനാണ് ഈ നീക്കമെന്ന് വിലയരിുത്തലുണ്ട്. തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സംസ്ഥാനമായിട്ടും ഒന്നും ബജറ്റില്‍ പരിഗണിക്കപ്പെട്ടില്ലെന്നതാണ് ഏവരെയും അമ്പരപ്പിച്ചത്. കേന്ദ്ര ബജറ്റില്‍ അവസാന പ്രതീക്ഷ അര്‍പ്പിച്ചിരുന്ന മധ്യകേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ് ഇത്തവണത്തെ ബജറ്റ്. റബര്‍ ബോര്‍ഡിന് 132 കോടി വകയിരുത്തിയിട്ടുണ്ട്. പ്രഖ്യാപനങ്ങളുടെ ക്രഡിറ്റ് കേരള കോണ്‍ഗ്രസ് സ്വന്തമാക്കണ്ട എന്ന രാഷ്ട്രീയമാണ് അരുണ്‍ ജെയ്റ്റ്ലിയുടെ മൗനത്തിന് പിന്നിലെന്നതാണ് വിദഗ്ധരുടെ അഭിപ്രായം.