ഉദ്യോഗസ്ഥരെ പുറത്താക്കിയ യുഎസ് നടപടിക്ക് തിരിച്ചടി നല്‍കി റഷ്യ

60 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ യുഎസ് നടപടിക്ക് തിരിച്ചടി നല്‍കാനൊരുങ്ങി റഷ്യ. 60 അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനും സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റ് അടച്ചു പൂട്ടാനും റഷ്യ തീരുമാനിച്ചു. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ റഷ്യന്‍ ചാരനേയും മകളെയും ബ്രിട്ടനില്‍ വധിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് 60 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കിയത്. ബ്രിട്ടനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അമേരിക്ക സിയാറ്റിലിലെ റഷ്യന്‍ കോണ്‍സുലേറ്റ് അടക്കാനും ഉദ്യോഗസ്ഥരോട് ഏഴു ദിവസത്തിനകം അമേരിക്ക വിടാനും നിര്‍ദ്ദേശിച്ചിരുന്നു. യുഎസിന് പുറമെ ഫ്രാന്‍സും ജര്‍മ്മനിയും സ്‌പെയിനും ഉള്‍പ്പെടെയുള്ള യുറോപ്യന്‍ രാജ്യങ്ങളും റഷ്യന്‍ നയതന്ത്ര ഉദ്യോസ്ഥരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരുന്നു.