ശബരിമല ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം

sabarimala

ഇന്ത്യയിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്‌ ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രം . ശാസ്താവാണ് പ്രധാന മൂര്‍ത്തി.
കേരളത്തില്‍ പത്തനംതിട്ട ജില്ലയില്‍ പശ്ചിമഘട്ടത്തിന്റെഭാഗമായ ശബരിമലയില്‍ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയില്‍ വച്ച് തീര്‍ത്ഥാടക സന്ദര്‍ശനത്തില്‍ രണ്ടാം സ്ഥാനം ശബരിമലക്കുണ്ട്. തിരുപ്പതിയാണ് ഒന്നാം സ്ഥാനത്ത്. മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വര്‍ഷത്തില്‍ എല്ലാദിവസവും ഇവിടെ പൂജയോ തീര്‍ത്ഥാടനമോ നടക്കുന്നില്ല. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ മണ്ഡലകാലം  എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീര്‍ത്ഥാടനകാലയളവ്. ഇതിനുപുറമേ എല്ലാ മലയാളമാസങ്ങളിലേയും ആദ്യത്തെ അഞ്ചുദിവസങ്ങളിലും സന്ദര്‍ശനമനുവദിക്കുന്നു.

കടല്‍നിരപ്പില്‍ നിന്നും ഏതാണ്ട് 914 മീറ്റര്‍ ഉയരത്തിലാണ് ശബരിമല ക്ഷേത്രത്തിന്റെ സ്ഥാനം. വര്‍ഷാവര്‍ഷവും ഏതാണ്ട് 4 മുതല്‍ 5 കോടി വരെ തീര്‍ത്ഥാടകര്‍ ഇവിടേക്കെത്താറുണ്ട്. ബ്രഹ്മചാരി സങ്കല്പത്തിലുള്ളതാണ് ഇവിടുത്തെ ധര്‍മ്മശാസ്താ പ്രതിഷ്ട. അതിനാല്‍ ഋതുമതി പ്രായഗണത്തിലുള്ള (10 മുതല്‍ 50 വയസ്സു വരെ) സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാറില്ല.

ശബരിമലയെ ചുറ്റിയുള്ള ഓരോ മലമുകളിലും ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. നിലക്കല്‍, കാളകെട്ടി, കരിമല തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്നും ക്ഷേത്രങ്ങള്‍ കാണാം. മറ്റ് മലകളില്‍ ക്ഷേത്രാവശിഷ്ടങ്ങളും. അയ്യപ്പന്‍ മഹിഷിയെ വധിച്ച ശേഷം ധ്യാനത്തിലിരുന്നത് ശബരിമലയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലെ 18 മലദൈവങ്ങള്‍ക്കു നടുവിലാണ് അയ്യപ്പക്ഷേത്രമെന്നും ഇത് സൂചിപ്പിക്കുന്നതാണ് ക്ഷേത്രത്തിന് മുന്നിലുള്ള 18 പടികള്‍ എന്നൊരു വിശ്വാസമുണ്ട്. എന്നാല്‍ ഇത് ഹൈന്ദവവല്‍ക്കരിക്കപ്പെട്ട ഒരു ബുദ്ധക്ഷേത്രമാണെന്ന വിശ്വാസവുമുണ്ട്

ചരിത്രം

ശാസ്താവ്‌ അഥവാ അയ്യപ്പന്‍ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും, അതിനു മുന്ന് അത് ഒരു ദ്രാവിഡ ദേവനായിരുന്നു എന്നും പലരും വിശ്വസിക്കുന്നു. ശബരിമല ക്ഷേത്രവും കേരളത്തിലെ പല ശാസ്താ-ദുര്‍ഗ്ഗക്ഷേത്രങ്ങളും, അഥവാ കാവുകളും ഹൈന്ദവപരിണാമം പ്രാപിച്ച ആദി ദ്രാവിഡ-ബൗദ്ധ ക്ഷേത്രങ്ങളാണെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു ബുദ്ധമതാനുയായികളുടെ ശരണം വിളിയും അയ്യപ്പ ശരണം വിളിയും തമ്മിലുള്ള സാമ്യം ഈ വാദത്തെ ന്യായീകരിക്കുന്നു.അയ്യപ്പന്‍ വിഷ്ണുവിന്റേയും ശിവന്റേയും പുത്രനായാണു കരുതപ്പെടുന്നത്.ഇതു ശൈവ-വൈഷ്ണവ ഐക്യത്തെ സൂചിപ്പിക്കുന്നു എന്ന വാദവും നിലവിലുണ്ട്. എന്നാല്‍ ഇങ്ങനെ ഉള്ള വാദങ്ങളില്‍ ചില വാദങ്ങള്‍ ചില നിരീശ്വര വാദികളായ ചരിത്രകാരന്മാരുടെ ചിന്തകള്‍ മാത്രം ആണ് എന്നും അയ്യപ്പന്‍ പന്തള രാജന്റെ മകന്‍ ആയിരുന്നു എന്നും അത് കൊണ്ട് തന്നെ രാമായണത്തില്‍ ശബരിയെ കുറിച്ച് പറയുന്നത് എന്നും മറ്റു ചില ചരിത്രകാരന്മാര്‍ പറയുന്നു. രാമായണത്തില്‍ ശബരിപീഠം എന്നും കൂടാതെ ശബരി ആശ്രമം എന്നും പറയുന്നു. ശബരിക്ക് ശ്രീരാമന്‍ മോക്ഷം കൊടുത്ത കഥയും രാമായണത്തില്‍ ഉണ്ട്. അപ്പോള്‍ ബുദ്ധനും എത്രയോ മുന്‍പ് ശബരിമലയും ശബരിപീഡവും അയ്യപ്പനും ഒക്കെ ഉണ്ടായിരുന്നു.

കുലദൈവമായ ശാസ്താവിനെ ക്ഷത്രിയന്മാര്‍ അച്ഛനെന്നാണ് വിളിച്ചിരുന്നത്. അതുകൊണ്ടാവാം ഈ നദിക്ക് അച്ചന്‍കോവില്‍ ആറെന്ന പേരുണ്ടായത്. ഇത്തരമൊരു ചരിത്രപശ്ചാത്തലത്തില്‍ നിന്നാവാം അയ്യപ്പന്‍ തന്റെ ബാല്യകാലം പന്തളം കൊട്ടാരത്തില്‍ ചെലവഴിച്ചു എന്ന ഐതിഹ്യമുണ്ടായതും. ശാസ്താവില്‍ നിന്നും വ്യത്യസ്തനാണ് ശബരിമല അയ്യപ്പനെന്ന് ചില ഐതിഹ്യങ്ങളുണ്ട്. 


അയ്യപ്പനെ കുറിച്ച് പന്തളം രാജകുടുംബവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഏറ്റവും പ്രസിദ്ധം. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന പന്തളം രാജാവ് നായാട്ടിനായി വനത്തിലെത്തിയപ്പോല്ള്‍ പമ്പാതീരത്ത് വച്ച് കഴുത്തില്‍ മണി കെട്ടിയ സുന്ദരനായ ഒരാണ്‍കുഞ്ഞിനെ കണ്ടെത്തി. ശിവന് മോഹിനിരൂപത്തിലുള്ള വിഷ്ണുവില്‍ ജനിച്ച പുത്രനാണിതെന്ന് വിശ്വാസം. കഴുത്തില്‍ സ്വര്‍ണ്ണമണിമാല ഉണ്ടായിരുന്നതുകൊണ്ട് “മണികണ്ഠന്‍“ എന്നു പേരിട്ട് രാജാവ് കൊട്ടാരത്തിലേക്ക് കൊണ്ടുപോയി.

ആയോധനകലയിലും വിദ്യയിലും നിപുണനായ അയ്യപ്പനെ യുവരാജാവായി വാഴിക്കാനായിരുന്നു പന്തളം രാജാവിന്റെ ആഗ്രഹം. എന്നാല്‍ രാജ്ഞിയും മന്ത്രിയും ചേര്‍ന്ന് ഇതിനെ ചെറുക്കാനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു.ഇതിനായി മന്ത്രി രാജ്ഞിയെ വശത്താക്കുകയും, അവരുടെ ഗൂഢപദ്ധതി പ്രകാരം രാജ്ഞി വയറുവേദന അഭിനയിക്കുകയും കൊട്ടാരവൈദ്യന്‍ പുലിപ്പാല്‍ മരുന്നായി നിശ്ചയിക്കുകയും ചെയ്തു. ഗൂഢപദ്ധതിയനുസരിച്ച് പുലിപ്പാല്‍ കാട്ടില്‍ നിന്നും കൊണ്ടുവരാന്‍ നിയുക്തനായത് മണികണ്ഠനാണ്. അങ്ങനെയാണ് പുലിപ്പാലിനായി അയ്യപ്പനെ കൊടുംകാട്ടിലേക്ക് രാജ്ഞി പറഞ്ഞയക്കുന്നത്. എന്നാല്‍ മഹിഷിയെയും വധിച്ച് പുലിപ്പാലുമായി അയ്യപ്പന്‍ വിജയശ്രീലാളിതനായി മടങ്ങിയെത്തി.

അയ്യപ്പന്‍ ദൈവമാണെന്ന് മനസ്സിലാക്കിയ പന്തളം രാജാവ് അയ്യപ്പന്റെ നിര്‍ദേശപ്രകാരം ശബരിമലയില്‍ ക്ഷേത്രം നിര്‍മ്മിച്ച് നല്‍കുകയായിരുന്നു.

പുലിപ്പാല്‍ കൊണ്ടുവരാന്‍ കാട്ടിലേക്ക് പോകുമ്പോള്‍ തയ്യാറാക്കിയതാണ് “ഇരുമുടിക്കെട്ട്” എന്നൊരു വിശ്വാസമുണ്ട്. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തില്‍ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വര്‍ഷംതോറുമുള്ള തീര്‍ത്ഥയാത്രയും എന്നാണ് ഐതിഹ്യം.

ശാസ്താവില്‍ വിലയം പ്രാപിച്ച വീരയോദ്ധാവായി അയ്യപ്പനെ ചിത്രീകരിക്കുന്ന ഐതിഹ്യവും പ്രചാരത്തിലുണ്ട്. കാട്ടില്‍ നിന്നും ലഭിച്ച അയ്യപ്പനെ യുദ്ധതന്ത്രങ്ങളെല്ലാം പഠിപ്പിച്ച് പന്തളം രാജാവ് മുഖ്യസേനാനിയാക്കി.

വാവരുമായി യുദ്ധമുണ്ടായെങ്കിലും പിന്നീട് ഇവര്‍ ഉറ്റ ചങ്ങാതിമാരായി. വാവരുടെയും കടുത്തയുടെയും സഹായത്തോടെ അയ്യപ്പന്‍ പന്തളം രാജ്യത്തെ ശത്രുക്കളില്‍ നിന്നും രക്ഷിച്ചു. മറവപ്പട നശിപ്പിച്ച ശബരിമല ക്ഷേത്രം പുതുക്കി പണിയുകയും പടയോട്ടത്തിന്റെ ഒടുവില്‍ അയ്യപ്പന്‍ ശാസ്താവില്‍ വിലയം പ്രാപിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.

പമ്പയുടെ തീരത്ത് കഴിഞ്ഞിരുന്ന ബുദ്ധമതാനുയായി ആയിരുന്നു അയ്യപ്പന്‍ എന്നും ചിലര്‍ വിശ്വസിക്കുന്നു. ശത്രുക്കളെ ഭയന്ന് രാജ്യം വിട്ടോടിയ പാണ്ഡ്യരാജാവിനെ രാജ്യം വീണ്ടെടുക്കാന്‍ അയ്യപ്പന്‍ സഹായിച്ചത്രെ.

വീരന്മാരെ ആരാധിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു സംഘകാലത്ത് വീരാരാധനയിലൂടെ ദേവത്വം പകര്‍ന്നു വന്ന അയ്യപ്പന്‍, പരശുരാമന്‍ കേരള രക്ഷയ്ക്കുവേണ്ടിപ്രതിഷ്ഠിച്ച ശബരിമല ശാസ്താക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ ലയിച്ചു ചേര്‍ന്നു എന്നാണ് ഐതിഹ്യം

അയ്യപ്പന്‍ ശാസ്താവാണെന്നും ശാസ്താവിന് ഭാര്യമാരും മക്കളും ഉണ്ടായിരുന്നെന്നും സത്യവാങ്മൂലം സമര്‍ത്ഥിക്കുന്നു. ഭാര്യയും മക്കളുമുണ്ടായിരുന്ന ശാസ്താവ് ഒരിക്കലും സ്ത്രീ വിരോധിയായിരുന്നില്ലെന്നാണ് നിലപാട്. അഷ്ടോത്തര ശതകം അനുസരിച്ച് പൂര്‍ണ, പുഷ്കല എന്നീ ഭാര്യമാരും സത്യകന്‍ എന്ന മകനും ശാസ്താവിനുണ്ടായിരുന്നെന്നാണ് ഐതിഹ്യം.
ശാസ്താവിന്റെ ബാല്യകാലം പന്തളമായി മാറാനും ചില കാരണങ്ങളുണ്ട്. ശബരിമലയില്‍ ശാസ്താവിഗ്രഹം പ്രതിഷ്ഠിക്കാനായി കൊണ്ടു വന്നെങ്കിലും ദുര്‍ഘടമായ പാത അതിന് തടസമായിരുന്നു. പാത ശരിയാകുന്നതുവരെ പന്തളം രാജാവ് അത് സൂക്ഷിക്കാമെന്നേറ്റു. നദീതീരത്ത് ഒരു ക്ഷേത്രം പണിത് അതില്‍ ശാസ്താവിനെ പ്രതിഷ്ഠിക്കുകയും പൂജകള്‍ നടത്തുകയും ചെയ്തു.

തീര്‍ത്ഥാടനം

ശബരിമലയാത്രക്കു മുന്‍പ്, തീര്‍ത്ഥാടകന്‍ 41 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്നു. ഇതിനു മുന്നോടിയായി അവര്‍ തുളസിമുത്തുകള്‍ കൊണ്ടോ രുദ്രാക്ഷം കൊണ്ടോ ഉണ്ടാക്കിയ ഒരു മാല ധരിക്കുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ സ്വാമി എന്നറിയപ്പെടുന്നു. ശേഷം മത്സ്യമാംസാദികല്ള്‍, മദ്യം, ലൈഗികജീവിതവും മറ്റ് ദുഷ്ചിന്തകളും ഉപേക്ഷിക്കുന്നു. തുടര്‍ന്ന് നാല്പത്തിയൊന്നാമത്തെ ദിവസം ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ കെട്ടു നിറച്ച് ശബരിമലയ്ക്ക് യാത്രയാകുന്നു.

വാഹന ഗതാഗതം പമ്പ വരെ മാത്രമേയുള്ളൂ. അതിനു ശേഷം തീര്‍ത്ഥാടകര്‍ കാല്‍നടയായാണ് ക്ഷേത്രത്തിലേക്കെത്തുന്നത്.

ഇരുമുടിക്കെട്ട്

ശബരിമലതീര്‍ത്ഥാടകര്‍, പള്ളികെട്ട് അഥവാ ഇരുമുടിക്കെട്ട് എന്നറിപ്പെടുന്ന കെട്ടിനുള്ളില്‍ ശബരിമലയിലേക്കുള്ള പൂജാദ്രവ്യങ്ങള്‍ കൊണ്ടുപോകും. സാധാരണയായി ഇരുമുടികെട്ടിനുള്ളില്‍ നെയ്ത്തേങ്ങ, പച്ചരി, അവല്‍, മലര്‍, മറ്റ് പൂജാസാധനങ്ങള്‍ എന്നിവയാണ് കൊണ്ടു പോകാറുള്ളത്. ജീവാത്മാവും പരമാത്മാവുമായുള്ള ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നാണ് വിശ്വാസം.

വാവരുടെ കഥ

വാവരുടെ പള്ളി

അയ്യപ്പന്റെ ഉറ്റമിത്രമായി ഐതിഹ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വാവരുടെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മാത്രമേ അയ്യപ്പഭക്തന്മാര്‍ പതിനെട്ടാം പടി ചവിട്ടാവൂ എന്നൊരു വിശ്വാസമുണ്ട്. മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി വാവരുടെ പള്ളിയും അയ്യപ്പന്റെയും ക്ഷേത്രവും ശബരിമലയില്‍ നിലകൊള്ളുന്നു. പുലിപ്പാലിന് പോയ അയ്യപ്പനുമായി ഏറ്റുമുട്ടി പരാജയപ്പെടുകയും പിന്നീട് അയ്യപ്പന്റെ ഉറ്റ സുഹൃത്തായിത്തീരുകയും ചെയ്തയാളാണ് വാവര്‍ എന്ന കഥയ്ക്കാണ് പ്രചാരം കൂടുതല്‍.

മക്കംപുരയില്‍ ഇസ്മയില്‍ ഗോത്രത്തില്‍ പാത്തുമ്മയുടെ പുത്രനായി ജനിച്ചയാളാണ് വാവരെന്ന് ‘ ബാവര്‍ മാഹാത്മ്യം’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വാവരായിരുന്നത് ബാബര്‍ തന്നെയായിരുന്നു എന്നും ചിലര്‍ വാദിക്കുന്നു. ശാസ്താവിന്റെ അംഗരക്ഷകനായി വാവര്‍ക്ക് പന്തളം രാജാവ് ക്ഷേത്രം പണിതു നല്‍കിയതായി ചില സംസ്കൃതഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. കാട്ടിലൂടെ കടന്നുപോകുന്നവര്‍ക്ക് ദുഷ്ടമൃഗങ്ങളുടെ ശല്യമുണ്ടാകാതെ നോക്കുവാന്‍ അയ്യപ്പന്‍ വാവരെ ചുമതലപ്പെടുത്തിയിരുന്നതായും പറയപ്പെടുന്നു.

കുരുമുളകാണ് വാവര്‍ പള്ളിയിലെ പ്രധാന വഴിപാട്. കാണിക്കയും നെല്ല്, ചന്ദനം, സാമ്പ്രാണി, പനിനീര്‍, നെയ്യ്‌ , നാളികേരം, എന്നിവയും ഇവിടെയുള്ള വഴിപാടുകളാണ്. എരുമേലിയിലും ഒരു വാവര്‍ പള്ളിയുണ്ട്.

മകരജ്യോതി

makarajyothi

ശബരിമലയുടെ മൂലസ്ഥനം പൊന്നമ്പലമേട്ടിലായിരുന്നു എന്നൊരു വിശ്വാസമുണ്ട്. ശബരിമലയില്‍ നിന്ന് ഏകദേശം 10-16 കിലോമീറ്റര്‍ ദൂരമുള്ള പൊന്നമ്പലമേട്ടില്‍ പരശുരാമന്‍ സ്ഥാപിച്ച മറ്റൊരു ശാസ്താക്ഷേത്രം ഉണ്ടായിരുന്നെന്നും അവിടെയുള്ള ജ്യോതിമണ്ഡപത്തില്‍ വനദേവതമാര്‍ മകരസംക്രമദിവസം ദീപാരാധന നടത്തിയിരുന്നതാണ് മകരജ്യോതിയായി കണ്ടിരുന്നതെന്നും വിശ്വാസമുണ്ട്. ഇവിടത്തെ മലവേടന്മാരുടെ ആഘോഷവേളയില്‍ കത്തിച്ചിരുന്ന കര്‍പൂരമാണ് മകരജ്യോതി എന്നു പറയുന്നവരും ഉണ്ട്. എന്നാല്‍ മകരജ്യോതി എന്നത് ദേവസ്വം ബോര്‍ഡ് ജീവനക്കാരും അയ്യപ്പസേവാസംഘവും ചേര്‍ന്ന് പോലീസ് സംരക്ഷണയില്‍ പൊന്നമ്പലമേട്ടില്‍ കര്‍പ്പൂരം കത്തിക്കുന്നതാണെന്നാണ് ശബരിമലയിലെ മുതിര്‍ന്ന തന്ത്രി കണ്‌ഠര്‌ മഹേശ്വരരുടെ അഭിപ്രായം,

മകരസംക്രമദിനത്തിലാണ് ഉത്തരായനപിറവി. പൊന്നമ്പലമേട്ടില്‍ ഉള്ള ക്ഷേത്രത്തിന്‍റെ മുകളില്‍ തെളിഞ്ഞുകത്തിയിരുന്ന നക്ഷത്രമാണ് മകരജ്യോതി എന്ന അഭിപ്രായവുമുണ്ട്.എന്നാല്‍ ഇതിനു പറയത്തക്കതെളിവില്ല. ഈ നക്ഷത്രത്തിന്‍റെ ഒരു ചിത്രവും ലഭ്യമല്ല.

പതിനെട്ടുപടികള്‍

holy_steps

ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലേ 18 മലദൈവങ്ങള്‍ക്കു നടുവിലാണ് അയ്യപ്പന്‍ എന്നൊരു വിശ്വാസമുണ്ട്. ഇതിന്‍റെ പ്രതീകമാണ് 18 പടികല്‍. ഈ മലദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് “പടിപൂജ“ അഥവാ “ഗിരിദേവതാപൂജ“ നടത്തിവരുന്നതു എന്നൊരു ഐതിഹ്യമുണ്ട്. അയ്യപ്പന്‍റെ പൂങ്കാവനം ഈ 18 മലകളാണെന്നും 18 മലകള്‍ 18 പുരാണങ്ങളാണെന്നും അഭിപ്രായമുണ്ട്. ജീവല്‍- സത്, രജസ്, തമസ് എന്നീ മൂന്നു ഗുണങ്ങളും ഈരേഴു പതിനാലു ലോകങ്ങളുമാണ് പതിനെട്ടു പടികള്‍ എന്നൊരു വിശ്വാസവും ഇതിനുണ്ട്.

18 മലകള്‍ : ശബരിമല, പൊന്നമ്പലമേട്, ഗൌണ്ഡര്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖല്‍ഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവര്‍മല, നിലയ്ക്കല്‍മല, തലപ്പാറമല, നീലിമല, കരിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല.

പ്രതിഷ്ഠ
temple-nada1

ശബരിമലക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തി ശാസ്താവാണ്. ധ്യാനഭാവത്തില്‍ കിഴക്കോട്ട് ദര്‍ശനമായി മരുവുന്നു. മുഖ്യ ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് ഏകദേശം ഇരുനൂറ് മീറ്റര്‍ മാറിയാണ് മാളികപ്പുറത്തമ്മക്ഷേത്രം. മാളികപ്പുറത്തമ്മയെ ഉപദേവതയായി കരുതുന്നു. രണ്ടുനിലയിലുള്ള മാളികയുടെ പുറത്താണ് ദേവി വിരാജിക്കുന്നത്. ഇതുമൂലമാണ് ദേവിക്ക് ഈ പേരുവന്നത്. മറ്റൊരു ഉപപ്രതിഷ്ഠ കന്നിമൂല ഗണപതിയാണ്. കൂടാതെ വാവരുസ്വാമിയുടെയും കടുത്തസ്വാമിയുടെയും സാന്നിദ്ധ്യവും അവിടെ ഉണ്ട്.

ശബരിമലയിലേക്കുള്ള വഴി

sabarimala map

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 115 കിലോമീറ്റര്‍ അകലത്തിലും കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 106 കിലോമീറ്റര്‍ അകലത്തിലുമാണ് ശബരിമല സ്ഥിതി ചെയ്യുന്നത്. തീര്‍ത്ഥാടനകാലത്ത് ചാലക്കയം വഴിയോ അല്ലെങ്കില്‍ എരുമേലി വഴി കരിമല നടന്നു കയറിയോ (ഏകദേശം 50 കിലോമീറ്റര്‍ ) ഇവിടെയെത്താം. ഏറ്റവുമടുത്തുള്ള റെയില്‍വേ സ്റ്റേഷനുകല്‍ കോട്ടയവും ചെങ്ങന്നൂരുമാണ്.

പ്രധാന വഴികള്‍

  1. കോട്ടയത്തു നിന്നു എരുമേലി വഴി പമ്പ;  പമ്പയില്‍ നിന്ന് കാല്‍നടയായി ശബരിമല
  2. എരുമേലിയില്‍ നിന്ന് കാളകെട്ടി, അഴുത, ഇഞ്ചിപ്പാറ, കരിമല വഴി പമ്പ . പമ്പയില്‍ നിന്ന് ശബരിമലയിലേക്ക് കാല്‍നടയായി
  3. വണ്ടിപ്പെരിയാര്‍ മുതല്‍ മൗണ്ട് എസ്റ്റേറ്റ് വരെ വാഹനത്തില്‍. ശേഷം കാല്‍നടയായി ശബരിമലയിലേക്ക്