IndiaKeralaNews

ശബരിമലയില്‍ സുപ്രീംകോടതി വിധി അംഗീകരിക്കും, പുനഃപരിശോധനാ ഹര്‍ജിയില്ല; പിണറായി വിജയന്‍!

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി നിലപാടിനൊപ്പമാണ് സര്‍ക്കാര്‍. കോടതി എന്തുപറഞ്ഞോ അത് ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപ്പാക്കുമെന്നും ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കിടയില്‍ നേരത്തെ മുതല്‍ രണ്ട് അഭിപ്രായങ്ങളുണ്ട്. ഈ വ്യത്യസ്താഭിപ്രായങ്ങള്‍ സുപ്രീം കോടതി പരിശോധിക്കുകയും കോടതിയുടെ അന്തിമവിധി വരികയും ചെയ്തു. എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നതെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയാല്‍ ആര്‍ക്കും അവരെ തടയാന്‍ കഴിയില്ല. സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കണമെന്ന് പറയുന്ന സന്യാസികളടക്കമുള്ള വിശ്വാസികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ വന്നാല്‍ അവര്‍ക്കു സംരക്ഷണം നല്‍കും. അത് ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നടപ്പാക്കും. വനിതാ പൊലീസുകാരെ നിയോഗിച്ച് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കും. വേണ്ടിവന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള വനിതാ പൊലീസുകാരെയും ശബരിമലയില്‍ നിയോഗിക്കും. മറ്റൊരു നിയമം ഉണ്ടാകുന്നതു വരെ ഇതാണ് നിയമം. പലകാലങ്ങളില്‍ ഇത്തരത്തില്‍ ഉത്തരവുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത് പാലിക്കപ്പെടേണ്ടതാണെന്നും പിണറായി വിജയന്‍ പറഞ്ഞു

Tags
Show More

Related Articles

Close
Close