ശബരിമലയിലെ പൊലീസ് നടപടിയ്‌ക്കെതിരെ ബിജെപി സുപ്രീംകോടതിയിലേയ്ക്ക്!

തിരുവനന്തപുരം: ശബരിമലയിലെ പൊലീസ് നടപടിയ്‌ക്കെതിരെ ബിജെപി സുപ്രീംകോടതിയിലേയ്ക്ക്. ശബരിമലയെ തകര്‍ക്കുവാന്‍ നീക്കം നടക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

കോടതിയലക്ഷ്യ കേസിനെ ഭയക്കുന്നില്ലെന്നും വിധിയെ വിമര്‍ശിക്കുന്നത് ജനങ്ങളുടെ അവകാശമാണെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കുകയും ചെയ്തിരുന്നു. ഭക്തരെ നിയന്ത്രിക്കുന്നത് ശബരിമലയെ തകര്‍ക്കാനാണ്. ഇടത് സര്‍ക്കാരിന്റെ ശ്രമം വന്‍ ചതിയാണ്. വിശ്വാസത്തിനെതിരായ വെല്ലുവിളിയാണെന്നും ശ്രീധരന്‍ പിള്ള ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം, ശബരിമല പ്രക്ഷോഭത്തില്‍ എറണാകുളം ജില്ലയില്‍ നിന്നു തന്നെ ഇതുവരെ 75 പേരെ അറസ്റ്റ് ചെയ്തിരുന്നു. തൃപ്പൂണിത്തുറ മേഖലയില്‍ നിന്നു മാത്രമായി 51 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹര്‍ത്താല്‍, വഴി തടയല്‍ എന്നീ സംഭവങ്ങളിലായിരുന്നു അറസ്റ്റ്.

ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിടുകയും ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ പങ്കെടുത്ത 210 പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഈ ചിത്രങ്ങള്‍ വിവിധ ജില്ലകളിലേക്ക് അയച്ച് നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടവരും, യുവതികളെ കടത്തിവിടുന്നതിനെതിരെ പ്രക്ഷോഭം നടത്തിയവരുമാണ് ലുക്ക് ഔട്ട് നോട്ടീസിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ പൊലീസ് വാഹനങ്ങള്‍ എന്നിവ തല്ലിതകര്‍ത്തതിലും ഇവര്‍ പ്രതികളാണ്.

Show More

Related Articles

Close
Close