സച്ചിന്റെ സ്വന്തം ഫുട്‌ബോള്‍ അക്കാദമി കേരളത്തില്‍

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഫുട്‌ബോള്‍ അക്കാദമിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. 20 ഏക്കറില്‍ റസിഡന്‍ഷ്യല്‍ രീതിയില്‍ അക്കാദമി ആരംഭിക്കുന്നതിനാണ് പദ്ധതി. അക്കാദമിയില്‍ ഓരോ വര്‍ഷവും 20 കളിക്കാര്‍ക്ക് പ്രവേശനം നല്‍കും.  ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണ്‍ ഒന്നിന് സച്ചിന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ചെറു പ്രായത്തില്‍ തന്നെ പ്രതിഭകളെ കണ്ടെത്താനും, അവര്‍ക്ക് പരിശീലനം നല്‍കുവാനുമാണ് റസിഡന്‍ഷ്യല്‍ അക്കാദമി പദ്ധതിയിടുന്നത്. അഞ്ചു കൊല്ലം കൊണ്ടു രാജ്യാന്തര നിലവാരത്തില്‍ 100 കളിക്കാരെ വാര്‍ത്തെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ ഫുട്‌ബോള്‍ വികസനത്തിനുവേണ്ടി സമഗ്രമായ പദ്ധതിക്ക് രൂപം നല്‍കുന്നതായി സച്ചിന്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെ ഫുട്‌ബോള്‍ മേഖലയിലെ അടുത്ത അഞ്ച് വര്‍ഷം എങ്ങനെയായിരിക്കണമെന്ന ബ്ലൂപ്രിന്റ് സര്‍ക്കാരും തയ്യാറാക്കിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ അടിത്തറ ശക്തമാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ പ്രാദേശിക,ദേശീയ,രാജ്യാന്തര മല്‍സരങ്ങളില്‍ ഈ അക്കാദമിയില്‍ നിന്നുള്ള സംഘം മല്‍സരിക്കുമെന്നാണ് തീരുമാനം.

ഐ.എസ്.എല്‍ കേരളാ ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഉടമ കൂടിയായ സച്ചിന്റെ പുതിയ പദ്ധതി കേരളത്തിന് ഫുട്‌ബോള്‍ രംഗത്ത് പുതിയ മേല്‍വിലാസം നല്‍കും. പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുടെ സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പെയിനിംന്റെ ബ്രാന്‍ഡ് അംബാസിഡ്ഡറാകാനുള്ള ക്ഷണവും സച്ചിന്‍ സ്വീകരിച്ചിരുന്നു.