ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികങ്ങള്‍ ഇതുവരെ ലഭിച്ചില്ലെന്ന് സാക്ഷി മാലിക്

കഴിഞ്ഞ വര്‍ഷം നടന്ന റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയതിന് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികങ്ങള്‍ ഇതുവരെ ലഭിച്ചില്ലെന്ന് ഗുസ്തി താരം സാക്ഷി മാലിക്.

വനിതകളുടെ 58 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സാക്ഷി വെങ്കല മെഡല്‍ കരസ്ഥമാക്കിയിരുന്നു. മെഡല്‍ നേടിയ സാക്ഷിക്ക് ഹരിയാന സര്‍ക്കാര്‍ പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ വാഗ്ദാനങ്ങള്‍ ഇനിയും പാലിച്ചിട്ടില്ലെന്നാണ് സാക്ഷി ട്വിറ്ററിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്.രാജ്യത്തിനായി ഒളിമ്പിക്‌സ് മെഡല്‍ നേടുമെന്ന വാഗ്ദാനം താന്‍ പാലിച്ചു.

മെഡല്‍ നേട്ടത്തിന് പിന്നാലെയുള്ള സര്‍ക്കാരിന്റെ വാഗ്ദാനം വാര്‍ത്തകളില്‍ ഇടം നേടുന്നതിന് മാത്രമായിരുന്നോ എന്നും സാക്ഷി ചോദിക്കുന്നു. ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരും താരങ്ങളുടെ മാതൃ സംസ്ഥാനങ്ങളും ഉള്‍പ്പെടെ പല തരത്തിലുള്ള പ്രഖ്യാപങ്ങളുമായി രംഗത്തെത്തി. ഇതില്‍ ഹരിയാന സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ നടപ്പില്‍ വന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സാക്ഷിയിപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഒളിംപിക് ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നിലയില്‍ ചരിത്രം കുറിച്ച സാക്ഷിക്ക്, 3.5 കോടി രൂപയോളം വിലവരുന്ന സമ്മാനങ്ങളാണ് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാനത്തുനിന്നും മെഡല്‍ നേടുന്നവര്‍ക്ക് സ്വര്‍ണത്തിന് ആറ് കോടി രൂപ, വെള്ളിക്ക് 4 കോടി, വെങ്കലത്തിന് 2.5 കോടി രൂപ എന്നിങ്ങനെ സമ്മാനമായി നല്‍കുമെന്നും ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.