വൃക്ഷങ്ങളില്‍ സര്‍വ്വശ്രേഷ്ഠം ചന്ദനം !

ചന്ദനത്തിന്റെ ഗുണഗണങ്ങള്‍ പാടിപ്പുകഴ്ത്താത്ത കവികളും ചന്ദനലേപസുഗന്ധം തൂകാത്ത കൃതികളും വിരളമാണല്ലോ നമ്മുടെ നാട്ടില്‍. സൌന്ദര്യത്തിന്റെയും സുഗന്ധത്തിന്റെയും ശാലീനതയുടെയും പ്രതീകമാണ്‌ ചന്ദനം. കേരളീയ സൌന്ദര്യ സങ്കല്‍പത്തില്‍ ആണിനും പെണ്ണിനും ഒരുപോലെ ഒരു അവശ്യഘടകമാണല്ലോ ചന്ദനക്കുറി. നിത്യേന കുളി കഴിഞ്ഞ്‌ ചന്ദനം തൊടുകയെന്ന പൂര്‍വ്വികരുടെ ശീലം ഇന്നും പ്രായഭേദമെന്യേ ചിലരെങ്കിലും തുടര്‍ന്നുവരുന്നുണ്ട്‌.

ഭക്‌തിയുടെ പരിവേഷവുമുണ്ട്‌ ചന്ദനത്തിന്‌. മഹാവിഷ്ണുവിന്റെ പ്രിയവസ്‌തുക്കളില്‍ ഒന്നാണ്‌ ചന്ദനം. ഇതും ഉപോത്പന്നമായ കളഭവും ക്ഷേത്രങ്ങളിലെ പ്രമു പൂജാദ്രവ്യങ്ങളാണ്‌. കളഭാഭിഷേകം പ്രസിദ്ധമാണല്ലോ.അമ്പലങ്ങളില്‍ പ്രസാദമായും ചന്ദനം നല്‍കപ്പെടുന്നു. ഭംഗിക്കും സുഗന്ധത്തിനും പുറമേ കുളിര്‍മ്മയും പ്രദാനം ചെയ്യുന്നതിനാല്‍ ദൈവവിശ്വാസം ഇല്ലാത്തവരും ചന്ദനം തൊടാറുണ്ട്‌. തല മുണ്ഡനം ചെയ്‌തയുടന്‍ ചന്ദനം പൂശുന്നതിന്റെ പിന്നിലെ രഹസ്യവും അതിന്റെ തണുപ്പിക്കുന്നതിനുള്ള ഈ കഴിവു തന്നെ.

നമ്മുടെ നാട്ടില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചന്ദനത്തിന്റെ ഭൂരിഭാഗവും ഉപയോഗിക്കപ്പെടുന്നത്‌ സുഗന്ധദ്രവ്യനിര്‍മ്മാണത്തിനാണ്‌. ഈ മരത്തിന്റെ കാതലിലും വേരുകളിലുമാണ്‌ സുഗന്ധതെയിലങ്ങള്‍ അടങ്ങിയിരിക്കുന്നത്‌ – 4-6 % എന്ന തോതില്‍. വിപണിയില്‍ അത്യധികം പ്രിയമേറിയവയും വളരെ വില പിടിച്ചവയുമാണ്‌ ചന്ദനസുഗന്ധദ്രവ്യങ്ങള്‍. മറ്റു സുഗന്ധദ്രവ്യങ്ങളുടെ ഒപ്പം മിശ്രണം ചെയ്‌തും ഉപയോഗിക്കാറുണ്ട്‌ ചന്ദനത്തെയിലം. കൂടാതെ വാസനസോപ്പ്‌, ടാല്‍ക്കം പൌഡര്‍, ചന്ദനത്തിരി തുടങ്ങിയവയുടെ നിര്‍മ്മാണത്തിലും ഒരു മു്യ‍ഘടകമാണിത്‌.

ആരും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന അമൂല്യമായ ഒട്ടേറെ കരകൌശലവസ്‌തുക്കളും ചന്ദനത്താല്‍ നിര്‍മ്മിക്കുന്നുണ്ട്‌. ഉടമസ്ഥന്റെ ആഢ്യത്വം വിളിച്ചോതുന്നവയാണ്‌ ചന്ദനനിര്‍മ്മിതമായ ഫര്‍ണ്ണിച്ചറുകളും മറ്റും. ഇവ ദീര്‍ഘകാലം നിലനില്‍ക്കുന്നതിനോടൊപ്പം സുഗന്ധം നിലനിര്‍ത്തുകയും ചെയ്യുന്നു. മരണാനന്തരച്ചടങ്ങുകള്‍ക്കുപോലും പ്രൌഢി നല്‍കുന്നു ചന്ദനം ഉപയോഗിച്ചുള്ള ചിത.

സൌന്ദര്യസംരക്ഷണത്തിലും അദ്വിതീയമാണ്‌ ചന്ദനത്തിന്റെ സ്ഥാനം. ചര്‍മ്മത്തിന്റെ നിറവും മൃദുത്വവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇതിന്റെ കഴിവ്‌ പ്രാചീനകാലം മുതല്‍ക്കേ തെളിയിക്കപ്പെട്ടതാണ്‌. അതുകൊണ്ടുതന്നെ അന്നും ഇന്നും ചന്ദനം തനിയെയോ പച്ചമഞ്ഞള്‍, കസ്‌തൂരിമഞ്ഞള്‍ എന്നിവയോടൊപ്പമോ അരച്ചുപുരട്ടുന്നത്‌ സൌന്ദര്യസംരക്ഷണമുറകളില്‍ പ്രധാനപ്പെട്ട ഇനമാണ്‌. പനിനീരിനോടൊപ്പം ചന്ദനം അരച്ചുചേര്‍ത്ത മിശ്രിതം പുരട്ടുന്നത്‌  ചുണ്ടിന്‌ നല്ല നിറം കിട്ടാന്‍ സഹായകമാണ്‌. ചന്ദനവും അകിലും കത്തിച്ചുണ്ടാക്കുന്ന പുകയില്‍ നനഞ്ഞ മുടി ഉണക്കുന്നത്‌ വളരെ നല്ലതാണ്‌.

ഇന്ന്‌ വിപണിയില്‍ ലഭ്യമായ മിക്ക ആയുര്‍വ്വേദലേപനങ്ങളിലും സൌന്ദര്യവര്‍ദ്ധകങ്ങളിലും സോപ്പുകളിലും മറ്റും ഒരു അവശ്യഘടകമാണ്‌ ചന്ദനം. അനുപമമായ ഔഷധഗുണവുമുണ്ട്‌ ചന്ദനത്തിന്‌. ഇത്‌ അരച്ച്‌ നെറ്റിയില്‍ പുരട്ടുന്നത്‌ തലവേദന ശമിപ്പിക്കുന്നതിന്‌ സഹായകമാണ്‌. കടുത്ത തലവേദനയ്ക്ക്‌ ചന്ദനവും മല്ലിയിലയും ഒന്നിച്ച്‌ അരച്ചു നെറ്റിയിലിടുന്നത്‌ ഉത്തമമാണ്‌. പനി കുറയ്ക്കുന്നതിനും ഉത്തേജകമായും വ്രണങ്ങള്‍, ചതവ്‌, ചൊറിച്ചില്‍ തുടങ്ങിയവ ഭേദമാക്കുന്നതിനും പ്രയോജനപ്രദമായതിനാല്‍ പല ഔഷധങ്ങളിലും ചന്ദനത്തിന്‌ സുപ്രധാനസ്ഥാനമുണ്ട്‌.