സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ കേരളത്തിന് വിജയത്തുടക്കം.

മഡ്ഗാവ്:റെയില്‍വേസിനെ രണ്ടിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തി കേരളം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ വിജയത്തുടക്കം കുറിച്ചു.

കേരളത്തിന്റെ പ്രതിരോധത്തിന്റെ പിഴവാണ് 17-ാം മിനിറ്റില്‍ മലയാളി താരം രാജേഷിന്റെ ഗോളിലൂടെ റെയില്‍വേസ് ലീഡെടുക്കാന്‍ കാരണം. എന്നാല്‍ 21-ാം മിനിറ്റില്‍ ജോബി കേരളത്തിന് സമനില ഗോള്‍ സമ്മാനിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍  ഫ്രീ കിക്കിലൂടെ ജോബി വീണ്ടും റെയില്‍വേസിന്റെ വല കുലുക്കി. ഇതോടെ കേരളം 2-1ന് മുന്നിലായപ്പോള്‍ ആവേശം അണപൊട്ടി.

രണ്ടാം പകുതിയില്‍ കണ്ടത്  ഹാട്രിക് ഗോളിലൂടെ ജോബി കേരളത്തിന് രണ്ട് ഗോളിന്റെ ലീഡ് നല്‍കുന്നതാണ്. ഒട്ടും വൈകാതെ ക്യാപ്റ്റന്‍ ഉസ്മാന്റെ ഹെഡ്ഡറിലൂടെ കേരളം 4-1 ന് മുന്‍പിലെത്തി.

കേരളമടിച്ച നാല് ഗോളില്‍ മൂന്നും വന്നത് ഹെഡ്ഡറിലൂടെയാണ്. നേരത്തെ ഗോവയില്‍ പഞ്ചാബിനോട് 2-1ന് പരാജയപ്പെട്ട റെയില്‍വേസിന്‍റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. പഞ്ചാബുമായാണ് കേരളത്തിൻെറ അടുത്ത മത്സരം. ആദ്യ സ്ഥാനങ്ങളിലെത്തുന്ന രണ്ട് ടീമിനാണ് സെമിഫൈനൽ പ്രവേശനം.