വിചാരണ കോടതി വിധി അംഗീകരിച്ച് സുപ്രീംകോടതി; 10 വര്‍ഷത്തേക്ക് മത്സരിക്കാനാകില്ല

അനധികൃത സ്വത്തുസമ്പാദനക്കേസിൽ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികല ജയിലിലേക്ക്. ശശികല ഉൾപ്പെടെ നാലുപേരെ നാലു വർഷം തടവിനു ശിക്ഷിച്ച ബെംഗളൂരുവിലെ വിചാരക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ബെംഗളൂരു വിചാരണക്കോടതിയിൽ കീഴടങ്ങാൻ ശശികലയ്ക്കു സുപ്രീംകോടതി നിർദേശം നൽകി.

ജയലളിതയുടെ ബിനാമിയാണ് ശശികലയെന്ന വാദവും സുപ്രീംകോടതി അംഗീകരിച്ചു. കൂടാതെ പത്തുകോടി രൂപ പിഴയും വിധിച്ചു. നേരത്തെ ജയലളിതയ്‌ക്കൊപ്പം ജയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ ഇത് കുറച്ച് ഇനി മൂന്നുവര്‍ഷവും പത്തുമാസവും ശശികല തടവില്‍ കഴിഞ്ഞാല്‍ മതി. കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെ ശശികലയ്ക്ക് ഇനി പത്തുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.

ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991-96 കാലയളവില്‍ 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാലുവര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് ആദ്യം വിചാരണക്കോടതി നാലുപ്രതികള്‍ക്കും വിധിച്ചത്. ജനതാ പാര്‍ട്ടി നേതാവായിരുന്ന സുബ്രഹ്മണ്യം സ്വാമി 1996ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം 2014 സെപ്തംബറിലാണ് വിചാരണ കോടതി വിധി പറഞ്ഞത്. ഹൈക്കോടതിയില്‍ ജയലളിത നല്‍കിയ അപ്പീല്‍ അംഗീകരിച്ച് ജയലളിതയും ശശികലയും ഉള്‍പ്പടെ കേസിലെ നാലുപേരെയും കുറ്റവിമുക്തരാക്കിയിരുന്നു. തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.