ശശികല എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി; ജയലളിതയെപോലെ പാര്‍ട്ടിയെ നയിക്കണമെന്ന് നേതാക്കള്‍

ശശികല എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയാകും. ശശികല പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാന്‍ ഇ. മധുസൂദനനും മുതിര്‍ന്ന നേതാവ് കെ.എ. സെങ്കോട്ടയ്യനും ചെന്നൈ മുന്‍ മേയര്‍ സൈദ എസ്. ദുരൈസാമിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പോയസ് ഗാര്‍ഡനിലെത്തി ശശികലയുമായി കൂടിക്കാഴ്ച നടത്തി. ജയലളിതയെപ്പോലെ ശശികലയും പാര്‍ട്ടിയെ

നയിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. അണ്ണാ ഡിഎംകെ ഒദ്യോഗിക ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചു. പാര്‍ട്ടി ഇക്കാര്യം ഒറ്റക്കെട്ടായി തീരുമാനിച്ചതാണെന്ന് പാര്‍ട്ടി വക്താവ് സരസ്വതി അറിയിച്ചു.

അതേസമയം ശശികല ജനറല്‍ സെക്രട്ടറി ആകുന്നതിനെതിരെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി, പോയസ് ഗാര്‍ഡനു മുമ്പില്‍ പ്രതിഷേധവുമായെത്തിയ എഐഎഡിഎംകെ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

ഗൗതമിയുടെ കത്ത് സാധാരണക്കാരുടെ സംശയമാണെന്നും ജയലളിതയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്നുമാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.

ശശികലയുടെ സ്ഥാനാരോഹണം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ 27 വര്‍ഷമായി ജയലളിത ആയിരുന്നു പാര്‍ട്ടിയുടെ തലപ്പത്ത്. അമ്മയുടെ പാത പിന്തുടരുന്ന അണികളെ സംരക്ഷിക്കാന്‍ കഴിവുള്ള ഒരാളെ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് എത്തിക്കുമെന്നാണ് പാര്‍ട്ടി വക്താവ് സി പൊന്നയ്യന്‍ ഇന്ന് പ്രതികരിച്ചത്.