ബാങ്കുകളിലെ വിദ്യാഭ്യാസവായ്പ പിരിക്കാന്‍ ഇനി ബഹുരാഷ്ട്രഭീമന്മാര്‍ .

bank2
വിദ്യാഭ്യാസ വായ്പയിലെ കിട്ടാക്കടങ്ങള്‍ പിരിച്ചെടുക്കാന്‍ എസ്ബിടി സ്വകാര്യ കുത്തകകളെ ചുമതല ഏല്‍പ്പിച്ചു.ഇനിയുള്ള ഇടപാടുകള്‍ റിലയന്‍സ് കമ്പനിയുമായി നടത്തണമെന്ന് ആവശ്യപെട്ടുകൊണ്ട് ബാങ്ക്,ഇടപാടുകാര്‍ക്ക് കത്തയച്ചു തുടങ്ങി.കിട്ടാക്കടം പിരിക്കാന്‍ കുത്തകകള്‍ എത്തുന്നത് ഗുരുതരമായ സാമൂഹ്യ പ്രശ്നങള്‍ക്ക് കാരണമാവും എന്ന് ആശങ്കയിലാണ് ഇടപാടുകാര്‍.കേരളത്തിലെ വിദ്യാഭ്യാസ വായ്പകളുടെ 80 ശതമാനവും നല്‍കിയിട്ടുള്ളത് എസ്ബിടിയാണ്.വന്‍കിടക്കാരുടെ കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കാന്‍ മാത്രം ഇതുവരെ ഉപയോഗിച്ചു കൊണ്ടിരുന്ന അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനികളെ സാധാരണക്കാരുടെ വിദ്യാഭ്യാസ വായ്പകള്‍ കൈകാര്യം ചെയ്യാനും ചുമതലപ്പെടുത്തുന്നത് ഇതാദ്യമായാണ്.കണക്കനുസരിച്ച് 1.5 ലക്ഷത്തോളം അക്കൗണ്ടുകളിലായി 2400 കോടി രൂപയാണ് എസ്ബിടി വായ്പ നല്‍കിയിട്ടുള്ളത്.ഇവയില്‍ നല്ലൊരു ശതമാനം വായ്പകളും തിരിച്ചടവ് മുടങ്ങിയവയാണ്.ആദ്യ ഘട്ടം എന്ന നിലയില്‍ 8000 അക്കൗണ്ടുകളില്‍ നിന്ന് മൂന്നു വര്‍ഷത്തില്‍ കൂടുതലായി കുടിശ്ശിക വരുത്തിയവരുടെ അക്കൗണ്ടുകളാണ് റിലയന്‍സ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ബാങ്ക് കൈമാറിയിരിക്കുന്നത്.വായ്പാ അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സ്വകാര്യ കമ്പനിക്ക് കൈമാറിയെന്നും ഇനി മുതല്‍ കുടിശ്ശികയിനത്തില്‍ നിങ്ങള്‍ കമ്പനിക്ക് ബാധ്യതപ്പെട്ടവരായിരിക്കും എന്ന അറിയിപ്പ് ബാങ്ക് ഇടപാടുകാര്‍ക്ക് നോട്ടീസ് അയച്ചു തുടങ്ങി.ബാങ്കിന് കിട്ടാനുള്ള കിട്ടാക്കടം മുഴുവന്‍ റിലയന്‍സിന് എഴുതിക്കൊടുത്തതിന്റെ ഭാഗമാണ് ഇത്തരമൊരു നീക്കമെന്ന് ബാങ്ക് അധികാരികള്‍ വിശദീകരിക്കുന്നു.കിട്ടാക്കടം ഇനത്തില്‍ ബാങ്കിന് കിട്ടാനുള്ള പണം മുഴുവന്‍ സ്വകാര്യ കമ്പനി ഈ ജൂണ്‍ 30 ഓടെ നല്‍കി കഴിഞ്ഞു.നൂറിന് 15 രൂപയാണ് ഈ ഇടപാടില്‍ സ്വകാര്യ കമ്പനിക്ക് കിട്ടുക.