കൂത്താട്ടുകുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച് മൂന്നു മരണം

എറണാകുളം കൂത്താട്ടുകുളം പുതുവേലിയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച് രണ്ടു കുട്ടികളും ഡ്രൈവറും മരിച്ചു. 13 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

യുകെജി വിദ്യാര്‍ഥികളായ ആന്‍മരിയ, നയന, ജീപ്പ് ഡ്രൈവര്‍ ജോസ് എന്നിവരാണ് മരിച്ചത്. മേരിഗിരി സ്‌കൂളിലെ കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. 15 കുട്ടികളായിരുന്നു ജീപ്പിലുണ്ടായിരുന്നത്. ഇലഞ്ഞി മേഖലയില്‍നിന്ന് വന്ന സ്വകാര്യ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.

വൈക്കം റോഡില്‍ നിന്നും എംസി റോഡിലേക്ക് കുറുകെ കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്‌കൂളില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെവച്ചായിരുന്നു അപകടം. ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാന്‍ ജീപ്പ് വെട്ടിച്ചതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ ജീപ്പിന്റെ ബ്രേക്ക് നഷ്ടപ്പെട്ടുവെന്ന് ഡ്രൈവര്‍ പറഞ്ഞതായി കുട്ടികളില്‍ ചിലര്‍ പൊലീസിനോട്് പറഞ്ഞു.

മൃതദേഹങ്ങള്‍ കൂത്താട്ടുകുളം ദേവമാത ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്