സ്‌കൂള്‍ കലോത്സവം നടത്താന്‍ തീരുമാനം ; പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കും

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി. വിവിധ ഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതോടെ ആഘോഷങ്ങളില്ലാതെ സ്‌കൂള്‍ കലോത്സവം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകരുതെന്നു വ്യക്തമാക്കിക്കൊണ്ട് കലോത്സവ നടത്തിപ്പിനുളള നടപടികള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ തത്വത്തില്‍ അംഗീകാരം നല്‍കി.

ആഘോഷങ്ങളില്ലാതെ സ്‌കൂള്‍ കലോല്‍സവം നടത്തി കുട്ടികള്‍ക്കു ഗ്രേസ് മാര്‍ക്ക് ലഭ്യമാക്കുന്ന കാര്യം അടിയന്തരമായി പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നു മന്ത്രി ഇ.പി.ജയരാജനും നേരത്തെ അറിയിച്ചിരുന്നു.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ എല്ലാ ആഘോഷപരിപാടികളും റദ്ദാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം, അന്താരാഷ്ട്ര ചലച്ചിത്രമേള, യുവജനോത്സവം, വിനോദ സഞ്ചാരവകുപ്പിന്റെ ആഘോഷ പരിപാടികള്‍ എന്നിവ റദ്ദാക്കിയത്. എന്നാല്‍ കലോത്സവവും, ചലച്ചിത്ര മേളയും ഒഴിവാക്കിയതിന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ആഘോഷങ്ങള്‍ ഒഴിവാക്കിയല്ല കേരളം പുനര്‍നിര്‍മ്മിക്കേണ്ടത് എന്നായിരുന്നു ഉയര്‍ന്നു വന്ന വാദം. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ കലോത്സവം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.