യോഗാ ദിനത്തില്‍ സെല്‍ഫിയോട് നോ പറഞ്ഞ് മോദി: ചിത്രം വൈറലാകുന്നു

india-modi-selfie
മോദിയുടെ സെല്‍ഫി പ്രേമം പ്രസിദ്ധമാണ്. എന്നാല്‍ അന്താരാഷ്ട്ര യോഗാ ദിനത്തില്‍ നരേന്ദ്ര മോഡി സെല്‍ഫിയോട് ‘നോ’ പറഞ്ഞത് കൗതുകമായി.ഡല്‍ഹിയിലെ രാജ്പഥില്‍ യോഗ ചെയ്യാനെത്തിയ പെണ്‍കുട്ടിയോട് മോഡി ‘നോ’ പറഞ്ഞത്. യോഗാ ദിനത്തില്‍ പങ്കെടുക്കാനെത്തിയ 35,000ല്‍ അധികം ജനങ്ങളെ അഭിസംബോധന ചെയ്ത ശേഷം യോഗ ചെയ്യുന്നതിനായി മോഡി വേദിയില്‍ നിന്നിറങ്ങിയപ്പോഴാണ് പെണ്‍കുട്ടി സെല്‍ഫി എടുക്കാന്‍ മോഡിയെ ക്ഷണിച്ചത്. പരിപാടിയുടെ വൊളണ്ടിയര്‍ കൂടിയായ യുവതിയാണ് സെല്‍ഫി എടുത്തോട്ടെ എന്ന ആവശ്യവുമായി മോഡിയുടെ മുമ്പിലെത്തിയത്. യോഗാസനകള്‍ തുടങ്ങാന്‍ ഒന്നാം വരിയില്‍ എത്തിയതായിരുന്നു മോഡി. യുവതിയുടെ ആവശ്യം സ്‌നേഹത്തോടെ നിരസിച്ച മോഡി ആസനകള്‍ ചെയ്യാന്‍ ആരംഭിച്ചു. തൊട്ടുപിറകെ യുവതിയും സ്ഥാനം പിടിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരെത്തി മാറ്റുകയായിരുന്നു. എന്നാല്‍ പിന്നീട് മോഡി കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാനും മറന്നില്ല. സെല്‍ഫി എടുക്കാനുള്ള പെണ്‍കുട്ടിയുടെ ക്ഷണം തടഞ്ഞ മോഡിയുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.