ആരോഗ്യ മേഖലയിൽ യുഎഇയും സെർബിയയും സഹകരിക്കുന്നു

NW
സെർബിയയിലെ ആരോഗ്യകേന്ദ്രങ്ങൾക്ക് യുഎഇ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നു. ആരോഗ്യമേഖലയിൽ യുഎഇയും സെർബിയയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്‌തമാക്കുന്നത്തിന്‍റെ ഭാഗമായാണ് നടപടി.

അടിയന്തിര സാഹചര്യങ്ങളില്‍ പരുക്കേൽക്കുന്നവർക്ക്‌ നൽകേണ്ട ചികിൽസ, ശസ്‌ത്രക്രിയ, മറ്റു പരിചരണങ്ങൾ എന്നിവയിൽ യുഎഇ സംഘത്തിനു പരിശീലനം നൽകും.കൂടാതെ, സെർബിയയിൽ നിന്നുള്ള വിദഗ്‌ധ ഡോക്‌ടർമാരുടെയും നഴ്‌സുമാരുടെയും സംഘം പരിശീലനം നൽകാൻ യുഎഇയിൽ എത്തും. കാർഷിക, അടിസ്‌ഥാന സൗകര്യ മേഖലകളിലും യുഎഇയും സെർബിയയും തമ്മിൽ സുപ്രധാനമായ കരാർ നിലവിലുണ്ട്.

കാർഷിക മേഖലയിൽ യുഎഇ നടത്തുന്ന പരീക്ഷണങ്ങളുടെ വിജയം സെർബിയയെ ആകർഷിക്കുന്നു. ഇതിന്റെ ഭാഗമായി സെർബിയയ്‌ക്ക്‌ യുഎഇ 35.6 കോടി ദിർഹം വായ്‌പയായി നൽകി. യുഎഇ വിജയകരമായ നടപ്പാക്കിയ ഹൈഡ്രോപോണിക്‌ രീതിയടക്കം സെർബിയയെ ആകർഷിക്കുന്നു. ഫലഭൂയിഷ്‌ഠമായ കൃഷിഭൂമിയും ജലസ്രോതസ്സുകളുമുള്ള സെർബിയയ്‌ക്കു കാർഷികമേഖലയിൽ ബഹുദൂരം മുന്നേറാനാകും. ഇതിനുള്ള സാങ്കേതിക സഹായമടക്കം യുഎഇ നൽകും.