പൊലീസും സുരക്ഷാവിഭാഗവും പേടിക്കുന്നതെന്തിന്?; മാവോയിസ്റ്റുകളല്ല, ജനങ്ങളാണ് സര്‍ക്കാരിനെ താഴെയിറക്കുന്നത്: ശിവസേന

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നും ഭിമാ കൊറേഗാവ് സംഘര്‍ഷത്തില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ആരോപിച്ച് പൂണെയില്‍ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത സംഭവത്തിനിനെതിരെ ശിവസേന. മുഖപത്രമായ സാമ്‌നയിലാണ് പൊലീസ് നടപടിയെ ശിവസേന നിശിതമായി വിമര്‍ശിച്ചത്.

അറസ്റ്റിനു പിന്നിലെ കാര്യങ്ങള്‍ പരിഹാസ്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു രാജ്യത്തു നല്‍കിയിരിക്കുന്നത് ഉന്നത നിലവാരത്തിലുള്ള സുരക്ഷയാണ്. പിന്നെന്തിനാണ് പൊലീസും സുരക്ഷാവിഭാഗവും ഇത്രയധികം പേടിക്കുന്നത്. മാവോയിസ്റ്റുകള്‍ക്ക് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ സാധിക്കുമെങ്കില്‍ പിന്നെന്താണ് പശ്ചിമ ബംഗാള്‍, ത്രിപുര, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ അവര്‍ക്ക് അധികാരം ലഭിക്കാത്തതെന്ന് മുഖപത്രം ചോദിക്കുന്നു.

മാവോയിസ്റ്റുകളോ അവരുടെ അനുഭാവികളോ അല്ല മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ താഴെയിറക്കിയത്. ജനങ്ങളാല്‍ അട്ടിമറിക്കപ്പെട്ടാണ് അവര്‍ പുറത്തായത്. ഇപ്പോഴുണ്ടായ പൊലീസിന്റെ നടപടികളെ സര്‍ക്കാരുകള്‍ പിന്തിരിപ്പിക്കണമെന്നും മുഖപത്രത്തില്‍ സാമ്‌ന ഓര്‍മപ്പെടുത്തുന്നു.