കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

കേരളത്തില്‍ അക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ഭരണഘടനയ്ക്ക് അനുസരിച്ച് ഒരു സംസ്ഥാനത്ത് ഭരണം നടത്താന്‍ കഴിയാത്തവര്‍ക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും സ്വാമി പറഞ്ഞു. 256 അനുച്ഛേദമനുസരിച്ച് പിണറായിയെ താക്കീത് ചെയ്യണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.

കല്ലാച്ചിയില്‍ ആര്‍എസ്എസ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രസ്താവന. കേരളമിപ്പോള്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള സംസ്ഥാനമായി മാറി. ജിഹാദികളുടെ നാടായി മാറിയ കേരളത്തില്‍ ദേശസ്‌നേഹികളെ സിപിഎം നിരന്തരം ആക്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദുക്കളെ ഭിന്നിപ്പിക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നത്. സി.പി.ഐ.എം കലാപത്തെ പ്രോത്സാഹിപ്പുകയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ആര്‍.എസ്.എസിന്റെ വളര്‍ച്ചയില്‍ സി.പി.ഐ.എമ്മിനു ഭയമുണ്ട്. ഹിന്ദു ഏകീകരണത്തെയാണ് കേരളത്തിലെ സി.പി.ഐ.എം ഭയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കള്‍ ഏകീകരിച്ചാല്‍ അത് തങ്ങളുടെ തോല്‍വിക്ക് കാരണമാവുമെന്ന് സി.പി.എം മനസിലാക്കി കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം നാദാപുരം കല്ലാച്ചിയില്‍ ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബേറുണ്ടായിരുന്നു. ആക്രമണത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.