ഷുഹൈബ് വധക്കേസിലെ പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പൊലീസിന്റെ വീഴ്ചയെന്ന് ഉമ്മന്‍ചാണ്ടി

യൂത്ത്​കോൺഗ്രസ്​ നേതാവ് ഷുഹൈബ് വധക്കേസില്‍ പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പൊലീസ് അവസരം ഒരുക്കിക്കൊടുത്തുവെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. കണ്ണൂരില്‍ നടന്നത് താലിബാന്‍ മോഡല്‍ കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ്​ സർക്കാർ അധികാരത്തിലെത്തിയതിന്​ ശേഷം പത്തോളം രാഷ്​ട്രീയ കൊലപാതകങ്ങളാണ്​ കണ്ണൂരിൽ മാത്രം നടന്നത്​. ഇതിനെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. ഷുഹൈബി​​ന്റെ  കൊലപാതകത്തിന്​ മുമ്പ്​ ടി.പി കേസ്​ പ്രതികൾക്ക്​ പരോൾ നൽകിയിരുന്നു. നി​​ന്റെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന്​ സിപിഎം ഷുഹൈബിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്​തു. കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത സംഭവങ്ങളാണ്​ ഇ​തെല്ലാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കേരളത്തിൽ പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ല. ആർഎംപി നേതാക്കൾക്കെതിരെ സിപിഎം ഇപ്പോൾ വ്യാപകമായി ആക്രമണം നടത്തുകയാണ്​. ഇടതുഭരണകാലത്ത് ഗര്‍ഭസ്ഥ ശിശുവിന് പോലും രക്ഷയില്ലാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിശബ്ദത എല്ലാവരെയും ഭയപ്പെടുത്തു. സിനിമാ ഗാനത്തെക്കുറിച്ചുപോലും പ്രതികരിക്കുന്ന മുഖ്യമന്ത്രി സ്വന്തം നാട്ടില്‍ ഒരു പയ്യന്‍ മരിച്ചിട്ടും ഒരു വാക്ക് ഉരിയാടാന്‍ തയ്യാറായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.