സിദ്ദിഖ് മത്സരിക്കില്ല.

അരൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി നടൻ സിദ്ദിഖിനെ പാർട്ടി പരിഗണിച്ചിരുന്നു. എന്നാൽ, സീറ്റ് വിഭജന ചർച്ചയിൽ അരൂർ മണ്ഡലം ആർ എസ് പിക്ക് നൽകാൻ കോൺഗ്രസ് തീരുമാനിച്ചതോടെയാണ് അരൂരിൽ സിദ്ദിഖ് മത്സരിക്കില്ല എന്ന് ഉറപ്പായത്.
സി പി എമ്മിലെ സിറ്റിങ് എം എൽ എ ആയ എ എം ആരിഫിനെതിരെ അരൂരിൽ സിദ്ദിഖിനെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ആദ്യം തീരുമാനിച്ചത്. ഇതുമായി ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ ആലപ്പുഴ ഡി സി സി എതിർപ്പുമായി രംഗത്ത് വന്നതിനെതുടർന്നാണ് കൂടുതൽ ചർച്ചകൾക്കായി മാറ്റിവെച്ചത്. തുടർന്ന് നടന്ന സീറ്റ് വിഭജന ചർച്ചയിലാണ് അരൂർ മണ്ഡലം ആർ എസ് പിക്ക് നൽകാൻ കോൺഗ്രസ് തീരുമാനിച്ചത്.
ആറ്റിങ്ങലും അരൂരും ആർ എസ് പിക്ക് നൽകാമെന്ന തീരുമാനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ആർ എസ് പിയെ അറിയിക്കുകയായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന മൂന്ന് സ്ഥാനാർഥികളെ ആർ എസ് പി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആർ എസ് പിയുടെ മുതിർന്ന നേതാവ് എ എ അസ്സീസ് ഇരവിപുരത്തും തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ സിറ്റിങ് സീറ്റായ ചവറയിലും ഉല്ലാസ് കോവൂർ കുന്നത്തൂരിലും മത്സരിക്കും.