സോഷ്യല്‍ മീഡിയകളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ സ്വമേധയാ കേസടുക്കുമെന്ന് വനിതാകമ്മീഷന്‍

സോഷ്യല്‍ മീഡിയകളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ സ്വമേധയാ കേസടുക്കുമെന്ന് വനിതാ കമ്മീഷന്‍. ശ്രദ്ധയില്‍പ്പെടുന്ന സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാ സൈബര്‍ ആക്രമണങ്ങള്‍ക്കതിരെ കേസെടുക്കാന്‍ തീരുമാനിച്ചതായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അറിയിച്ചു. എറണാകുളം വൈഎംസിഎ ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ പങ്കെടുത്തശേഷം സംസാരിക്കുന്ന അവസരത്തിലാണ് ജോസഫൈന്‍ ഇക്കാര്യം അറിയിച്ചത്.

സോഷ്യല്‍ മീഡിയിലൂടെ ആര്‍എംപി നേതാവ് കെ കെ രമയ്ക്കെതിരേ നടന്ന സൈബര്‍ ആക്രമണത്തില്‍ കേസ് എടുത്തോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നതായി ജോസഫൈന്‍ അറിയിച്ചു. അവധിയിലായിരുന്നതിനാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും അവര്‍ വ്യക്തമാക്കി. നേരത്തെ സിപിഐഎം നേതാവും ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മരുമകനായ സി കെ ഗുപ്തന്‍ ഉള്‍പ്പെടയുള്ളവര്‍ സോഷ്യല്‍ മീഡിയിലൂടെ കെ കെ രമയെ അധിക്ഷേപിച്ചിരുന്നു.