സോളാര്‍: അന്വേഷണ കമ്മിഷന്റേത് അവസാന വാക്കല്ലെന്ന് പസായത്ത്‌.

സുപ്രീംകോടതി മുന്‍ ജഡ്ജി അരിജിത്ത് പസായത്ത് സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. കമ്മിഷന്റെ കണ്ടെത്തലുകള്‍ക്കെതിരേ ബന്ധപ്പെട്ടവര്‍ക്ക് ഉയര്‍ന്നകോടതികളില്‍ ഹര്‍ജി നല്‍കാമെന്നാണ് നിയമോപദേശം.

തുടരന്വേഷണം നടത്തുമ്പോള്‍ കമ്മിഷന്റെ കണ്ടെത്തലുകളില്‍നിന്ന് വ്യത്യസ്തമായ നിഗമനത്തില്‍ അന്വേഷണ ഏജന്‍സി എത്തുന്നതിനെ തടയാനാവില്ല. കമ്മിഷന്റെ കണ്ടെത്തലുകള്‍ തെറ്റാണെന്ന നിഗമനത്തില്‍ എത്താനും അന്വേഷണ ഏജന്‍സിക്ക് അവകാശമുണ്ട്. അന്വേഷണ കമ്മിഷനുകള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ വിവിധ വിധികള്‍ നിയമോപദേശത്തില്‍ ജസ്റ്റിസ് പസായത്ത് വിശദീകരിക്കുന്നുണ്ട്. .

സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് താന്‍ നല്‍കുന്ന നിയമോപദേശം ഏതെങ്കിലും കോടതിയിലോ ട്രിബ്യൂണലിലോ തെളിവായി നല്‍കരുതെന്നും ജസ്റ്റിസ് പസായത്ത് നിര്‍ദേശിക്കുന്നു. സോളാര്‍ കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെയും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെയും നിയമോപദേശങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് സര്‍ക്കാര്‍ ജസ്റ്റിസ് പസായത്തിന്റെയും നിയമോപദേശം തേടിയത്.