മുഹമ്മദ് അലിയുടെ മകനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ മകനെ അമേരിക്കയിലെ ഫ്‌ളോറിഡ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. ഫ്‌ളോറിഡയിലെ ലോഡര്‍ഡേല്‍ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മുഹമ്മദ് അലി ജൂനിയറിനെ നാലു മണിക്കൂറോളം അധികൃതര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്തത്. നിങ്ങള്‍ മുസ്‌ലിംആണോ എന്ന് ചോദിച്ചാണ് ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെച്ചതെന്ന് ജൂനിയര്‍ മുഹമ്മദ് അലി പറയുന്നു. നിങ്ങള്‍ക്ക് എവിടെ നിന്നാണ് ഈ പേര് കിട്ടിയതെന്നും ഉദ്യോഗസ്ഥര്‍ ചോദിച്ചതായി അദ്ദേഹം പറഞ്ഞു. മുസ്ലിമാണെന്ന് പറഞ്ഞതോടെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യല്‍ തുടര്‍ന്നുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ക്രിസ് പറഞ്ഞു.

ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ അലിയുടെ കുടുംബം അമേരിക്കന്‍ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കുമെന്നും ക്രിസ് അറിയിച്ചു. അലിയുടെ ആദ്യ ഭാര്യ, ഖലീല കമാഷോഅലിയെയും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു. അലിക്കൊപ്പമുള്ള ഫോട്ടോ കാണിച്ചതിന് ശേഷമാണ് ഇവരെ കടത്തിവിട്ടത്. ഫെബ്രുവരി ഏഴിനായിരുന്നു സംഭവമെന്ന് യുഎസ്എ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.