താമര വിരിയിക്കാന്‍ പുതിയ പോരാളി; പി.എസ് ശ്രീധരന്‍ പിള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍

ബിജെപി സംസ്ഥാന അധ്യക്ഷനായി പി എസ് ശ്രീധരന്‍ പിള്ളയെ നിയമിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് അധ്യക്ഷനെ പ്രഖ്യാപിച്ചത്. മിസോറാം ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുന്നതിനായി കുമ്മനം രാജശേഖരന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് രണ്ടു മാസത്തിന് ശേഷമാണ് ബിജെപി സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നത്.

രണ്ടാം തവണയാണ് ശ്രീധരന്‍പിള്ള സംസ്ഥാന അധ്യക്ഷനാകുന്നത്. മുമ്പ് 2003-2006 കാലഘട്ടത്തിലായിരുന്നു ശ്രീധരന്‍ പിള്ള ബിജെപിയുടെ പ്രസിഡന്റായത്. പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കുമെന്ന് അധ്യക്ഷനായി നിയമിക്കപ്പെട്ട ശേഷം ശ്രീധരന്‍ പിള്ള പറഞ്ഞു. അതേസമയം, വി മുരളീധരന് ആന്ധ്രയുടെ ചുമതല നല്‍കാനും കേന്ദ്ര നേതൃത്വം തീരുമാനിച്ചു.

കുമ്മനം രാജശേഖരന്‍ സ്ഥാനമൊഴിഞ്ഞ ശേഷം രണ്ടു മാസം കഴിഞ്ഞിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. ശ്രീധരന്‍ പിള്ളയെ അധ്യക്ഷ സ്ഥാനത്തെത്തിക്കുന്നതിന് ആര്‍എസ്എസും അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.

ശ്രീധരന്‍ പിള്ള രണ്ടാംവട്ടമാണ് സംസ്ഥാന അധ്യക്ഷനാകുന്നത്. 2003 മുതല്‍ 2006 വരെ ആദ്യം സംസ്ഥാനത്ത് പാര്‍ട്ടിയെ നയിച്ചു.കേരളത്തിലെ തെരഞ്ഞെടുപ്പിൽഏറ്റവും കുടുതൽ വോട്ടിംഗ് ശതമാനം
നേടിയത് ഈ കാലഘട്ടത്തിലാണ്.

CPM ന്റെ കേന്ദ്ര കമ്മിറ്റി കേരളത്തിൽ BJP യുടെ”ആശങ്കാജനകമായ” വളർച്ചയെക്കറിച്ച് ചർച്ച ചെയ്തതും ഈ കാലത്താണ്. സംസ്ഥാന ഉപാധ്യക്ഷന്‍, സെക്രട്ടറി, കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ എന്നീ നിലകളില്‍ പാര്‍ട്ടിയെ നയിച്ചിട്ടുണ്ട്. ഇപ്പോള്‍ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ്. അഭിഭാഷകനും എഴുത്തുകാരനുമായ പിള്ള എബിവിപി യുടെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു.

അടിയന്തിരാവസ്തയുടെ ഇരുണ്ട നാളുകളിൽ കോഴിക്കോട് രണ്ടു പ്രാവശ്യം സത്യഗ്രഹത്തിന് നേതൃത്വം നൽകി. തുടർന്ന് അഭിഭാഷകവൃത്തിയിലും രാഷ്ട്രീയ പ്രവർത്തന ത്തിലുമെത്തിയ പിള്ള സംഘടനാ യന്ത്രത്തിന്റെ മർമ്മമറിഞ്ഞ സംഘാടകനും കൂടെയാണ്.

ആലപ്പുഴ ജില്ലയിലെ, ചെങ്ങന്നുരില്‍  വെണ്മണി പഞ്ചായത്തില്‍ ജനിച്ചു. വി.ജി. സുകുമാരന്‍ നായര്‍, ഭവാനി അമ്മ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ റീത അഭിഭാഷകയാണ്. മകന്‍ അര്‍ജ്ജുന്‍ ശ്രീധര്‍ ഹൈക്കോടതിയില്‍ അഭിഭാഷകനാണ്, മകള്‍ ഡോ. ആര്യ. വെണ്മണി മാര്‍ത്തോമ്മാ ഹൈസ്‌കൂള്‍, പന്തളം എന്‍എസ്എസ് കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് എന്നിവിടങ്ങളിലാണ് ഇദ്ദേഹം വിദ്യാഭ്യാസം നടത്തിയത്.

അറുപതുകളില്‍ സ്കൂൾ വിദ്യാർത്ഥിയായിരിക്കേ വെണ്മണിയിലെ ആര്‍എസ്എസ് ശാഖയിലൂടെ പൊതുപ്രവര്‍ത്തനത്തിലേക്ക്.  തുടര്‍ന്ന് ജനസംഘത്തിന്റെ വെണ്മണി സ്ഥാനീയസമിതി സെക്രട്ടറിയായി രാഷ്ട്രീയത്തില്‍. കോഴിക്കോട് ലോ. കോളേജ് യൂണിയന്‍ വൈസ് ചെയര്‍മാന്‍, 12 കൊല്ലക്കാലം കോഴിക്കോട് സര്‍വ്വകലാശാല സെനറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയുള്ള ജില്ലാ കോടതികളിലും ഹൈക്കോടതിയിലുമായി അഭിഭാഷക വൃത്തി ചെയ്തുവരുന്നു.  ജന്മഭൂമി മുന്‍ മാനേജിങ്ങ് എഡിറ്റര്‍, അഞ്ച് പ്രമുഖ പത്രങ്ങളിലെ സ്ഥിരംപംക്തി എഴുത്തുകാരന്‍, സ്‌പോട്‌സ് സംഘടനകളുടെ ഭാരവാഹി, വിജിൽ ഹ്യൂമൺ റൈറ്റ്സ് എന്ന മനുഷ്യാവകാശ സംഘടനാ സ്ഥാപക നേതാവ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. എട്ട് സാഹിത്യ അവാര്‍ഡുകള്‍ ഉള്‍പ്പെടെ 27 അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥക്കാലത്ത് ജനസംഘത്തിന്റെ യുവവിഭാഗമായ യുവസംഘം സംസ്ഥാന കണ്‍വീനറായിരുന്നു. എബിവിപി, യുവമോര്‍ച്ച, തുടങ്ങിയ സംഘടനകളുടെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപില്‍ ബിജെപിയുടെ പ്രവർത്തനം തുടങ്ങിയതും ഇദ്ദേഹമാണ്.
രാഷ്ട്രീയക്കാരന്‍ എന്നതിലുപരി നൂറു പുസ്തകങ്ങളുടെ രചയിതാവു് എന്ന കീര്‍ത്തിയും സ്വന്തം.
അടിയന്തിരാവസ്ഥെയെക്കുറിച്ചുളള അനുഭവങ്ങളും അറിവുകളും കോർത്തിണക്കി തയ്യാറാക്കിയ മലയാള പുസ്തകം വായനാ ലോകത്ത് ഏറെ സ്വീകാര്യത നേടിയിരുന്നു. “The Dark days of Democrazy” ഈ അടുത്ത കാലത്താണ് പ്രധാനമന്ത്രി പ്രകാശനം ചെയ്തതു്.