ശ്രീജിത്തിന്റെ മരണം; വിശദമായ അന്വേഷണം നടത്താനൊരുങ്ങി പൊലീസ്

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ വിശദമായ അന്വേഷണം നടത്താനൊരുങ്ങി പൊലീസ്. തുടക്കം മുതലുള്ള സംഭവങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘത്തിന്റെ യോഗം തീരുമാനിച്ചു.  ആലുവ പൊലീസ് ക്ലബ്ബില്‍ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.

വസുദേവന്റെ ആത്മഹത്യയും അതിനോടനുബന്ധിച്ചുള്ള സംഭവങ്ങളും അന്വേഷണ വിധേയമാകും. ശ്രീജിത്തിനെ പ്രതി ചേര്‍ത്തതില്‍ വീഴ്ച ഉണ്ടായോയെന്നും പരിശോധിക്കും. വസുദേവന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ തെളിവുകളും മൊഴികളും പരിശോധിക്കാനും യോഗം തീരുമാനിച്ചു. ഇതിനിടെ ഐജി ശ്രീജിത്ത് വാരാപ്പുഴയില്‍ മരിച്ച ശ്രീജിത്തിന്റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തുകയാണ്. പോസ്റ്റുമോര്‍ടം റിപ്പോര്‍ട് ഇന്ന് കിട്ടുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മരിച്ച ശ്രീജിത്തിന്റെ വീട് ഇന്ന് സന്ദര്‍ശിച്ചിരുന്നു. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണം പര്യാപ്തമല്ല. വിഷയത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല ഉള്ള മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയ ശേഷം നടക്കുന്ന ആറാമത്തെ കസ്റ്റഡി മരണമാണിത്. ആരോപണം നേരിടുന്ന മുഴുവന്‍ പോലീസുകാരെയും സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തണം. കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും ശ്രീജിത്തിന്റെ ഭാര്യക്ക് ജോലിയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പ്രതികള്‍ മൊഴി നല്‍കുന്നതില്‍ ഉണ്ടായ വൈരുധ്യങ്ങള്‍ അടക്കം കേസില്‍ വിശദമായ അന്വേഷണം വേണം. അല്ലാത്ത പക്ഷം പ്രതിഷേധപരിപാടിയിലേക്ക് കടക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.