അടിസ്ഥാനസൗകര്യ വികസനത്തിന് ഇന്ത്യയുടെയും ജപ്പാന്റെയും സഹായം വേണം: ശ്രീലങ്ക

രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ഇനി ഇന്ത്യയും ജപ്പാനും മനസ്സുവയ്ക്കണമെന്നു പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. ചൈന അമിതസ്വാധീനം ചെലുത്തുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കു പിന്നാലെയാണു ശ്രീലങ്ക നിലപാടു മാറ്റുന്നത്. ബിസിനസ് സമ്മേളനത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിലാണു റനില്‍ വിക്രമസിംഗെ മനസ്സു തുറന്നത്.

തെക്കന്‍ തീരത്തെ ഹംബന്‍തോട്ട തുറമുഖം ചൈന മര്‍ച്ചന്റ്‌സ് പോര്‍ട്ട് ഹോള്‍ഡിങ് കമ്പനിക്ക് 99 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കിയതു കഴിഞ്ഞകൊല്ലമാണ്. 1.1 ബില്യന്‍ ഡോളര്‍ വരുമാനം സര്‍ക്കാരിനു കിട്ടുമെന്നായിരുന്നു വാഗ്ദാനം. ഇപ്പോള്‍ തുറമുഖം ബാധ്യതയായിരിക്കുകയാണെന്നും വിക്രമസിംഗെ പറഞ്ഞു. വിദേശനിക്ഷേപകരുടെ വിപുലമായ നിരയെയാണു രാജ്യം പ്രതീക്ഷിക്കുന്നത്. ചൈന, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളില്‍നിന്ന് ആദ്യം നിക്ഷേപം വരണം. മറ്റുള്ളവര്‍ ഇവരെ പിന്തുടരും. യൂറോപ്പില്‍നിന്നു വരെ നിക്ഷേപം വരുമെന്നാണു കണക്കാക്കുന്നതെന്നും വിക്രമസിംഗെ വ്യക്തമാക്കി. 2015ല്‍ അധികാരത്തില്‍ വന്നതുമുതല്‍ ശ്രീലങ്കയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ വിക്രമസിംഗെയ്ക്കു കടുത്ത സമ്മര്‍ദമുണ്ടായിരുന്നു. മുന്‍ സര്‍ക്കാര്‍ ചൈനയില്‍നിന്നു വായ്പയെടുത്താണു പിടിച്ചുനിന്നത്.

ഹംബന്‍തോട്ട തുറമുഖം ഉള്‍പ്പെടെ രാജ്യത്തെ പല വരുമാന സ്രോതസ്സുകളും ചൈനയ്ക്കു പണയം വച്ചിരിക്കുകയാണ്. 2017 അവസാനത്തില്‍ ചൈനയുമായി 5 ബില്യന്‍ ഡോളറിന്റെ കടമാണു ശ്രീലങ്കയ്ക്ക് ഉണ്ടായിരുന്നത്. ഈ കടം കൂടുകയാണ്. 2018, 2019, 2020 വര്‍ഷങ്ങള്‍ കഠിനമായിരിക്കുമെന്നും വിക്രമസിംഗെ പറഞ്ഞു.