ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി

sreeshanth1
ഐപിഎല്‍ ഒത്തുകളിക്കേസില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി, ദില്ലി പട്യാല വിചാരണ കോടതിയാണ് ശ്രീശാന്തിനെതിരായ കുറ്റപത്രം റദ്ദാക്കിയത്. ശ്രീശാന്തിനെ പൂര്‍ണമായും കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധിയാണ് ദില്ലി പട്യാല കോടതി പുറപ്പെടുവിച്ചത്. ശ്രീശാന്തിനൊപ്പം അങ്കീത് ചവാന്‍, അജിത് ചാന്ദില എന്നീ മറ്റു രണ്ട് താരങ്ങളടക്കം കുറ്റാരോപിതരായ 42 പേരെയും കൂടി കുറ്റവിമുക്തരാക്കി. ഇനി ബിസിസിഐയുടെ ആജീവനാന്ത വിലക്ക് കൂടി നീങ്ങിയാല്‍ ശ്രീശാന്തിന് വീണ്ടും ഇന്ത്യയുടെ ദേശീയ ടീമില്‍ കളിക്കാനാവും. രണ്ടുതവണ മാറ്റിവച്ച ശേഷമാണ് ഐപിഎല്‍ കേസില്‍ ദില്ലി പാട്യാല കോടതി വിധി പറഞ്ഞത്.

ഐ.പി.എല്‍ വാതുവെപ്പു കേസിലെ വിധി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് കുടുതല്‍ തെളിവുകള്‍ ഹാജരാക്കനാണ്ടെന്ന് ഡല്‍ഹി പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടതോടെ വിധി വൈകുന്നേരം നാല് മണിയിലേക്ക് നീട്ടുകയായിരുന്നു. പിന്നീട് ഇത് നാലരയിലേക്ക് നീട്ടി. കേസ് സംബന്ധിച്ച് മുംബൈ പോലീസിനും ചെന്നൈ പോലീസിനും കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതുകൂടി പരിഗണിക്കേണ്ടതുണ്ടെന്നും കേസില്‍ തുടരന്വേഷണം ആവശ്യമാണെന്നുമായിരുന്നു പോലീസിന്റെ വാദം.

മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ (മക്കോക്ക) വകുപ്പുകളും വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളുമാണ് ശ്രീശാന്തിനുമേല്‍ ചുമത്തിയിരുന്നത്. കഴിഞ്ഞതെല്ലാം മറക്കാന്‍ ശ്രമിക്കുന്നു. ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എല്ലാവരോടും നന്ദിയുണ്ടെന്ന് ശ്രീശാന്ത് പ്രതികരിച്ചു.

ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഇന്ത്യന്‍ താരം ശ്രീശാന്തിന് തിരിച്ചുവരാന്‍ അവസരമൊരുക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് ടി സി മാത്യു. കേസിനെ തുടര്‍ന്ന് ബിസിസിഐ വിലക്ക് നേരിടുന്ന താരത്തിന്റെ വിലക്ക് നീങ്ങിയാലുടന്‍ കേരള സീനിയര്‍ ടീമില്‍ അവസരം നല്‍കുമെന്നും ഫോം തെളിയിച്ചാല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാകുമെന്നും ടി സി മാത്യു വ്യക്തമാക്കി. ഇക്കാര്യം സംബന്ധിച്ച് ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയക്ക് ഇന്നുതന്നെ മെയില്‍ അയയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ.പി.എല്‍ ആറാം സീസണില്‍ വാതുവയ്പുകാരില്‍നിന്ന് പണം വാങ്ങി ഒത്തുകളിച്ചുവെന്നായിരുന്നു ശ്രീശാന്തിനെതിരെ ഉയർന്ന ആരോപണം. പലതവണ മാറ്റിവച്ചശേഷമാണ് ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ വിധിവന്നത്.